X

വടകരയിലെ വര്‍ഗീയ പ്രചാരണം: വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് യൂത്ത് ലീഗ്

വടകരയില്‍ സി.പി.എമ്മിന്റെ വര്‍ഗീയ പ്രചരണം തുടരുന്നു. വര്‍ഗീയ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പൊലീസില്‍ പരാതി നല്‍കി. യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരില്‍ വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രചരണം നടത്തിയത്. മുഹമ്മദ് കാസിം എന്നയാളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ചു. ഇത് സ്‌ക്രീന്‍ ഷോട്ട് എടുത്തശേഷം അമ്പാടി മുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തു.

ഇത് വ്യാജമാണെന്ന് അറിഞ്ഞതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍, സ്‌ക്രീന്‍ ഷോട്ട് പിന്നീടും വ്യാപകമായി പ്രചരിപ്പിച്ചു. കുറ്റ്യാടി മുന്‍ എം.എല്‍.എ കെ.കെ ലതിക സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ഈ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. വ്യജമാണെന്ന് അറിഞ്ഞിട്ടും സ്‌ക്രീന്‍ ഷോട്ടുകള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും പിന്‍വലിക്കാതെ ഇപ്പോഴും വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഇത്തരം പ്രചാരണങ്ങള്‍ സമൂഹത്തില്‍ വലിയ അളവില്‍ ഭിന്നത സൃഷ്ടിക്കുന്നതിനാലും മത സ്പര്‍ദ്ധയുണ്ടാക്കുന്നതിനാലും ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, ഐ.ടി നിയമം, യു.എ.പി.എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

 

webdesk13: