X

വര്‍ഗീയ രക്തമൂറ്റുന്ന സി.പി.എം-എഡിറ്റോറിയല്‍

CPIM FLAG

മതനിരാസവും മതവിശ്വാസികളുടെ സംരക്ഷണവും ഒരേസമയംപറയുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. ഏറ്റവുംപുതുതായി കോഴിക്കോട് കോടഞ്ചേരിയിലെ വിവാഹത്തില്‍വരെ നാമത് കണ്ടു. അധികാരലബ്ധിക്കായി നാട്ടില്‍നടക്കുന്ന ജാതിമതാടിസ്ഥാനത്തിലുള്ള ക്രമസമാധാനപ്രശ്‌നങ്ങളിലുള്‍പ്പെടെ എങ്ങനെ മുതലെടുപ്പ് നടത്താമെന്ന ആലോചനയിലാണ് ആപാര്‍ട്ടിയുടെ നേതാക്കള്‍. ഒരിടത്ത് ബി.ജെ.പിവിരുദ്ധതയും മതേതരത്വവും പറയുന്ന കമ്യൂണിസ്റ്റുകാര്‍ മറ്റൊരിടത്ത് മുസ്്‌ലിംകളെയും മുസ്്‌ലിംലീഗടക്കമുള്ള മതേതരകക്ഷികളെയും വിമര്‍ശിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. ആലപ്പുഴയിലും പാലക്കാട്ടും നാലുമാസത്തിനിടെനടന്ന അഞ്ചു വര്‍ഗീയകൊലപാതകങ്ങളില്‍ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും പരോക്ഷമായ പങ്ക് വ്യക്തമായിരിക്കവെ അതിനെ എങ്ങനെ വോട്ടാക്കിമാറ്റാമെന്ന ആലോചനയിലാണ് സി.പി.എമ്മെന്നാണ് അതിന്റെ മുതിര്‍ന്ന മന്ത്രിയില്‍നിന്ന് ഇന്നലെയുണ്ടായ പ്രസ്താവന തെളിയിക്കുന്നത്. ഭൂരിപക്ഷവര്‍ഗീയതയാണ് രാജ്യത്തിനാപത്തെന്നും ന്യൂനപക്ഷവര്‍ഗീയത അതിന്റെ തണലിലാണ് വളരുതെന്നും ഇരുവിഭാഗവും പരസ്പരം ശക്തിപ്പെടുത്തുകയാണെന്നുമാണ് ഇന്നലെ സി.പി.എംകേന്ദ്രകമ്മിറ്റിയംഗമായ തദ്ദേശഭരണമന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞിരിക്കുന്നത്.

ഡിസംബറില്‍ ആലപ്പുഴയില്‍ ഷാന്‍ എന്ന പോപ്പുലര്‍ഫ്രണ്ടുകാരനും തൊട്ടുമണിക്കൂറില്‍ ശ്രീനിവാസന്‍ എന്ന ആര്‍.എസ്.എസ്സുകാരനും , പാലക്കാട്ട് വിഷുദിനത്തില്‍ സുബൈര്‍ എന്ന എസ്.ഡി.പി.ഐക്കാരനും തൊട്ടുപിറ്റേന്ന് ആര്‍.എസ്.എസ്സുകാരനായ മറ്റൊരു ശ്രീനിവാസനും കൊലചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് സി.പി.എംനേതാവിന്റെ ഈ വിവാദപരാമര്‍ശം. ഇതിലൂടെ സി.പി.എം ഉന്നംവെക്കുന്നതെന്തെന്ന് വ്യക്തം: ഇരുവര്‍ഗീതയെയും പരസ്പരം താലോലിച്ചും തമ്മിലടിപ്പിച്ചും വോട്ടധികാരത്തിന്റെ ചോരയൂറ്റിയെടുക്കല്‍. എസ്.എഫ്.ഐക്കാരന്‍ അഭിമന്യുവിനെ കൊന്നവരുടെയും മൂവാറ്റുപുഴയിലെ ജോസഫ്മാഷിന്റെ കൈവെട്ടിയവരുടെയും ലക്ഷ്യം ഭൂരിപക്ഷവര്‍ഗീയതയെ പ്രതിരോധിക്കലാണെന്ന് സി.പി.എം കേന്ദ്രനേതാവ് പറയുന്നതിലുംവലിയ വങ്കത്തരം വേറെയുണ്ടോ. മതസമൂഹങ്ങളെ തമ്മിലടിപ്പിച്ച് നാട്ടില്‍ അരാജകത്വംതീര്‍ത്ത് അധികാരം സമ്പാദിക്കലല്ലാതെന്താണ് ഇവരുടെയൊക്കെ പിന്നില്‍?

വിഷുവിന്റെയും ദു:ഖവെള്ളിയുടെയും റമസാനിന്റെയും പുണ്യവേളയിലാണ് രണ്ടുകുടുംബനാഥന്മാര്‍ പട്ടാപ്പകലുകളില്‍ അതിനിഷ്ഠൂരമാംവിധം കൊലചെയ്യപ്പെട്ടത്. രക്തത്തില്‍ കൊതിതീരാത്ത അക്രമക്കൂട്ടങ്ങളാണ് ഇതിനുപിന്നിലെന്ന് കൃത്യം പരിശോധിച്ചാല്‍ വ്യക്തം. ഇതിന് ഉത്തരവാദികള്‍ നാടുഭരിക്കുന്ന പൊലീസും സര്‍ക്കാരും ഭരണകക്ഷിക്കാരുമായിരിക്കവെ അതില്‍നിന്ന് ശ്രദ്ധമാറ്റുകകൂടിയാണ് സി.പി.എമ്മിന്റെ കുബുദ്ധി. ആസൂത്രിതകൊലപാതകങ്ങള്‍ പൊലീസിന് കണ്ടെത്താന്‍ കഴിയില്ലെന്നും പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന്നും സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പി വിജയ്‌സാഖറേ പറയുമ്പോള്‍ അത് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും പ്രത്യേകിച്ച് ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെയും വാക്കുകളാണെന്ന് വ്യക്തം. പൊലീസുംപാര്‍ട്ടിയും വിചാരിച്ചാല്‍ തീര്‍ക്കാവുന്നതല്ല, വര്‍ഗീയക്കൊലപാതകങ്ങളെന്ന് മന്ത്രി ഗോവിന്ദന്‍ ആവര്‍ത്തിക്കുന്നത് പൊലീസിനും സര്‍ക്കാരിനും പറ്റിയവീഴ്ച സമ്മതിക്കല്‍കൂടിയാണ്. പിന്നെ ആര്‍ക്കാണതിന്റെ ഉത്തരവാദിത്തമെന്നുകൂടി മന്ത്രിപറയേണ്ടിയിരുന്നു, കൊലപാതകികള്‍ക്കാണോ? അതിന് പക്ഷേ വര്‍ഗീയതകളെ വേര്‍തിരിക്കാന്‍പോലും മന്ത്രിതയ്യാറായത് ഏറെ വിസ്മയകരമായി. ഗോവിന്ദന്റെ പുതിയനിലപാടാണോ സി.പി.എംനേതൃത്വത്തിനുള്ളതെന്നത് പുന:പര്യാലോചിക്കേണ്ട വിഷയമാണ്.

ഏതുതരംവര്‍ഗീയതയും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണെന്നും രാജ്യത്തിനവ അപകടകരമാണെന്നുമാണ് മുസ്്‌ലിംലീഗടക്കമുള്ള നാടിന്റെ സ്വാസ്ഥ്യം കാംക്ഷിക്കുന്ന പാര്‍ട്ടികള്‍ എല്ലായ്‌പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. പക്ഷേ വര്‍ധിച്ചുവരുന്ന വര്‍ഗീയസംഘര്‍ഷങ്ങളിലും ഹിന്ദുത്വഫാസിസത്തിലും സി.പി.എം ഉത്കണ്ഠ പ്രകടിപ്പിക്കുമ്പോഴും ഏതാണ്ടതേ നാണയത്തില്‍തന്നെയാണ് അവര്‍ മതേതരപാര്‍ട്ടികളായ കോണ്‍ഗ്രസിനെയും മുസ്്‌ലിംലീഗിനെയും മറ്റും എതിര്‍ക്കുന്നതും. കോണ്‍ഗ്രസ്-കേരളകോണ്‍ഗ്രസ് നേതാക്കളെയും മുസ്്‌ലിംലീഗ്‌നേതാവിനെയും പാണക്കാട് കുടുംബത്തെപോലും ചേര്‍ത്ത് ഹിന്ദുത്വവര്‍ഗീയത പച്ചയ്ക്ക് വിളമ്പുകയാണ് സംസ്ഥാനസെക്രട്ടറി കോടിയേരിബാലകൃഷ്ണനും മുന്നണികണ്‍വീനര്‍ എ.വിജയരാഘവനും മുഖ്യമന്ത്രി പിണറായിവിജയനും തിരഞ്ഞെടുപ്പുകാലത്ത് ചെയ്തത്. കേരളത്തില്‍ പാലക്കാട്‌നഗരസഭ ബി.ജെ.പി ഭരിക്കാനിടയായതിനുപിന്നിലും ഇതേ വര്‍ഗീയപ്രത്യയശാസ്ത്രംതന്നെ. സ്വന്തം പാര്‍ട്ടിസഖാക്കളെപോലും കൊലപ്പെടുത്തിയ സംഘടനക്കാരുമായി തദ്ദേശതിരഞ്ഞെടുപ്പുകളില്‍ യോജിച്ചുപ്രചാരണം നടത്താനും ഭരിക്കാനുംവരെ തയ്യാറായവരാണ ്‌കേരളത്തില്‍ സംഘപരിവാരത്തിന്റെ വളര്‍ച്ചക്ക് വഴിമരുന്നിടുന്നത്. മതവര്‍ഗീയവാദികള്‍ ശക്തിപ്പെട്ട് നാട് കുട്ടിച്ചോറായാലും വേണ്ടില്ല, മുഖ്യപ്രതിപക്ഷമായ യു.ഡി.എഫ് തകരണമെന്നാണവുടെ ആശ. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാതെരഞ്ഞെടുപ്പിലുംനേടിയ വിജയം ഇതുമൂലം ആവര്‍ത്തിക്കാമെന്നവര്‍ കണക്കുകൂട്ടുന്നു.

Chandrika Web: