വസ്തുതാവിരുദ്ധവും യാഥാര്‍ഥ്യ ബോധമില്ലാത്തതുമായ കാര്യങ്ങളാണ് മുഖ്യമന്ത്രി തൃക്കാക്കരയില്‍ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സോഷ്യല്‍ എന്‍ജിനീയറിങ് എന്ന പേരില്‍ ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഒരേ സമയം ആര്‍.എസ്.എസുമായും എസ്.ഡി.പി.ഐയുമായും കൂട്ടുകൂടാന്‍ മടിയില്ലാത്ത ആളാണ് മുഖ്യമന്ത്രി. എന്നിട്ടാണ് ഞങ്ങള്‍ വര്‍ഗീയതയ്ക്ക് എതിരാണെന്നും കോണ്‍ഗ്രസ് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും പറയുന്നത്. കമ്മീഷന് വേണ്ടി കെ- റെയില്‍ നടപ്പാക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമെ മുഖ്യമന്ത്രിക്കുള്ളൂ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളത്തിന്റെ സാമ്പത്തികനില ഭദ്രമാണെന്ന് മുഖ്യമന്ത്രി പറയുമ്പോഴും അടുത്തമാസം ശമ്പളം കൊടുക്കാന്‍ പണമില്ലെന്നാണ് ധനകാര്യമന്ത്രി പറഞ്ഞത്. 25 ലക്ഷം രൂപയില്‍ കൂടുതലുള്ള ചെക്കുകള്‍ പോലും പാസാക്കാനാകാതെ കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ കടക്കെണിയിലേക്ക് കൂപ്പ് കുത്തുകയാണ്. ഇതിനിടയിലാണ് മുഖ്യമന്ത്രി രണ്ട് ലക്ഷം കോടിയുടെ കെ റെയിലുമായി വരുന്നത്. രാഷ്ട്രീയ വര്‍ഗീയ കൊലപാതകങ്ങള്‍ വര്‍ധിക്കുമ്പോഴും കേരളത്തില്‍ ക്രമസമാധാന നില ഭദ്രമാണെന്നാണ് പറയുന്നത്. ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. ഇന്ത്യയില്‍ ഏറ്റവുമധികം മയക്ക് മരുന്ന് മാഫിയകളുള്ള സ്ഥലമാണ് കേരളം. ഈ മാഫിയകളെ സംരക്ഷിക്കുന്നത് സി.പി.എം നേതാക്കളാണ്. അവര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല.
കലൂരില്‍ നിന്നും തൃക്കാക്കരയിലേക്കുള്ള മെട്രോ റെയില്‍ എക്സറ്റന്‍ഷന്‍ 2015-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചതാണ്. ആറു വര്‍ഷമായിട്ടും ചെറുവിരല്‍ അനാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് സാധിച്ചില്ല. യു.ഡി.എഫ് എം.പിമാര്‍ ചെയ്തില്ലെന്നാണ് പറയുന്നത്. ഹൈബി ഈഡന്‍ രണ്ടു തവണ ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത് തെളിവായി ഹാജരാക്കി. പാര്‍ലമെന്ററി അര്‍ബന്‍ കമ്മിറ്റിയിലും ഹൈബി ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളത്തെ ചിലര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണ്. കേരളത്തിലെ യു.ഡി.എഫ് എം.പിമാര്‍ തൃക്കാക്കരയിലേക്കുള്ള മെട്രോ എക്സ്റ്റന്‍ഷന് വേണ്ടി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് മെട്രോ എക്സ്റ്റന്‍ഷനേക്കാള്‍ താല്‍പര്യം കമ്മീഷന്‍ റെയിലിലാണ്. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിക്ക് ചുറ്റും ഉപചാപക സംഘമുണ്ട്. ക്രമസമാധാനനില ഭദ്രമാണെന്ന് മുഖ്യമന്ത്രിക്കല്ലാതെ ആര്‍ക്ക് പറയാന്‍ കഴിയും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യമന്ത്രിക്ക് ജനങ്ങളോട് ഒന്നും പറയാനില്ല. ഒരു വര്‍ഷത്തെ ഭരണം കൊണ്ട് എല്ലാ മേഖലകളും താറുമാറായി പ്രതിപക്ഷ നേതാവ് പറഞ്ഞു.