X

വരുന്നൂ, ഒന്നിലധികം ഇന്ധനത്തിലോടുന്ന വാഹനങ്ങള്‍

ന്യൂഡല്‍ഹി: ഉയര്‍ന്ന വിലയുള്ള ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറക്കുന്നതിനായി ഇന്ത്യയില്‍ ഫ്ളക്സ് ഫ്യുവല്‍ എന്‍ജിന്‍ ഉപയോഗിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ നിര്‍മിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

ഇതുസംബന്ധിച്ച് ഉത്തരവ് വൈകാതെ തന്നെ പുറത്തിറക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒന്നിലധികം ഇന്ധനം ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങളെയാണ് ഫ്ളക്സ്-ഫ്യുവല്‍ വെഹിക്കിള്‍ എന്നറിയപ്പെടുന്നത്. ഒരു ഇന്ധനത്തി ല്‍ മാത്രം പ്രവര്‍ത്തിക്കുന്ന എന്‍ജിനുകളാണ് ഇന്ത്യയിലെ വാഹനങ്ങളിലുള്ളത്.

ഭാവിയില്‍ ഒന്നിലധികം ഇന്ധനം ഉപയോഗിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ നിര്‍ബന്ധമായും നിര്‍മിക്കാന്‍ വാഹന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുന്നതായിരിക്കും പുതിയ ഉത്തരവെന്നാണ് വിവരം. വരുന്ന മൂന്ന് -നാല് മാസത്തിനുള്ളില്‍ എല്ലാ വാഹന നിര്‍മാതാക്കളും ഒന്നിലധികം ഇന്ധനം ഉപയോഗിക്കാന്‍ കഴിയുന്ന ഫ്ളക്സ് ഫ്യുവല്‍ എന്‍ജിന്‍ വാഹനങ്ങള്‍ നിര്‍മിക്കണമെന്ന ഉത്തരവ് ഇറക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

ബി.എം.ഡബ്ലുവിനായിരിക്കും ഫഌക്‌സ് ഫ്യുവല്‍ എഞ്ചിനായി ആദ്യം നിര്‍ദേശം നല്‍കുകയെന്നും താമസിയാതെ മറ്റു കമ്പനികള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കുമെന്നും ഗഡ്കരി സൂചിപ്പിച്ചു.ബജാജ്, ടി.വി.എസ് കമ്പനികളോട് ഫഌക്‌സ് എഞ്ചിന്‍ അവരുടെ വാഹനങ്ങളില്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഥനോള്‍ അധിഷ്ഠിതമായ ഇന്ധനം അവതരിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. രാജ്യത്ത് ഒരു ലിറ്റര്‍ പെട്രോളിന് 100 രൂപക്ക് മുകളിലും ഡീസലിന് 90 രൂപക്ക് മുകളിലുമാണ് നിലവിലെ വില. എന്നാല്‍, എഥനോളിന് ലിറ്ററിന് 62.65 രൂപ മാത്രമാണ് വില. അതുകൊണ്ട് തന്നെ എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുകയോ എഥനോള്‍ ചേര്‍ന്ന പെട്രോള്‍ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ ഇന്ധനച്ചെലലവില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ധനച്ചെലവില്‍ കുറവ് വരുന്നതിന് പുറമെ, എഥനോളിന് മറ്റ് പരമ്പരാഗത ഇന്ധനങ്ങളെക്കാള്‍ മലിനീകരണം കുറവാണെന്നാണ് വിലയിരുത്തല്‍.

ഇത് ഉപയോഗിക്കുന്നതിലൂടെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറക്കാനാകും. അമേരിക്ക, കനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഫ്ളക്സ് ഫ്യുവല്‍ വാഹനങ്ങള്‍ സജീവമാണ്. ഇന്ത്യയില്‍ എത്തുന്നതോടെ പെട്രോളും എഥനോളും ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ കഴിയും.

 

 

Test User: