കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വന്തം പൗരന്മാര്‍ക്കുമേല്‍ സാമ്പത്തികഭാരം അടിച്ചേല്‍പിക്കുന്നതില്‍ മല്‍സരിക്കുംവിധമാണ് അടുത്ത കാലത്തായി പെരുമാറിക്കൊണ്ടിരിക്കുന്നത്. ലോകത്ത് എണ്ണയുത്പാദനത്തിര്‍ രണ്ടാംസ്ഥാനത്തുള്ള റഷ്യ യുക്രെയിനെതിരെ നടത്തിവരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്രവില കുത്തനെ ഉയരുകയും വിതരണം പലയിടത്തും തടസ്സപ്പെട്ടിരിക്കുകയുമാണ്. അതിനിടെ വിലവര്‍ധനവിന്റെ ഭാരം മുഴുവന്‍ ജനങ്ങളിലേക്ക് കൈമാറാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. കഴിഞ്ഞ നവംബറില്‍ ബാരലിന് 85 ഡോളറായിരുന്ന അസംസ്‌കൃത എണ്ണവില ഇന്നലെ 130 ഡോളറിനടുത്താണ്. പെട്രോളിയം ഉപഭോക്താക്കളുടെമേല്‍ ഇതിനകം അമ്പതു ശതമാനത്തിലധികം നികുതിയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ഏതാനും ആഴ്ചയായി വര്‍ധിച്ചിട്ടില്ലാത്ത എണ്ണവില ഏതു നിമിഷവും വര്‍ധിക്കാമെന്നാണ് ്‌സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചനകള്‍. കഴിഞ്ഞയാഴ്ച വാണിജ്യ പാചകവാതകത്തിന്റെ വിലയില്‍ 100 രൂപയുടെ വര്‍ധന വരുത്തുകയുമുണ്ടായി. ഗാര്‍ഹിക സിലിണ്ടറിന് ആയിരത്തോടടുത്തു. പെട്രോള്‍, ഡീസല്‍ എന്നിവയില്‍ ലിറ്ററിന് പത്തു രൂപയോളം വര്‍ധിക്കാമെന്നാണ് ഉയരുന്ന ആശങ്ക. നിലവില്‍തന്നെ 110 രൂപയിലധികമാണ് കേരളത്തില്‍ മിക്കയിടത്തും പെട്രോള്‍ വില. ഡീസലിനും 90 നടുത്തെത്തിയിരിക്കുന്നു. ഇതില്‍നിന്ന് വീണ്ടുമൊരു വര്‍ധനവ് ജനങ്ങള്‍ക്ക് എത്രകണ്ട് താങ്ങാനാകുമെന്ന് ഊഹിക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. മുമ്പ് വലിയ പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ നികുതിയില്‍ വരുത്തിയ കുറവുകാരണം 120 രൂപയെന്നത് കുറഞ്ഞ് 110നടുത്തേക്ക് എത്തിയിരുന്നു. അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണിതെങ്കില്‍ മാര്‍ച്ച് ഏഴിന് വോട്ടെടുപ്പുകള്‍ക്ക് തിരശീല വീണതോടെയാണ് വിലവര്‍ധന ഏതുനിമിഷവും ഉണ്ടാകാമെന്ന ഭീതി ഉയര്‍ന്നിരിക്കുന്നത്. മോദി സര്‍ക്കാര്‍ എണ്ണക്കമ്പനികളുമായി കൈകോര്‍ത്തുകൊണ്ട് ഖജനാവിലേക്കും സ്വകാര്യ കുത്തകകളുടെ അക്കൗണ്ടുകളിലേക്കും പണമെത്തിക്കാനുള്ള പുറപ്പാടിലാണ്. ഇതുകൊണ്ടെല്ലാം അടുക്കളകളും ഹോട്ടലുകളും പൊറുതിമുട്ടുകയാണിന്ന്. സംസ്ഥാന സര്‍ക്കാരാകട്ടെ ഓരോ വിലവര്‍ധനയും ആസ്വദിക്കുകയും. വിലയുയരുന്നതിനനുസരിച്ച് വാറ്റ് അടിസ്ഥാനത്തില്‍ കേരള ഖജനാവിലേക്ക് പണമൊഴുകിയെത്തുമെന്നതാണ് ്പിണറായി സര്‍ക്കാരിന്റെ ഉന്നം.
അതിനിടെ വരുന്ന മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുമെന്നതാണ്. യൂണിറ്റിന് നിലവിലെ നിരക്കിന്റെ 15 ശതമാനംവരെ വര്‍ധനയുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തേക്കുള്ള ചെലവ് കണക്കാക്കിയാണ് വര്‍ധന. വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയാണ് നിരക്ക്‌വര്‍ധന നിശ്ചയിക്കുന്നതെന്നതിനാല്‍ അതിന് പൊതുജനങ്ങളില്‍നിന്നുള്ള അഭിപ്രായ സ്വരൂപണം മാത്രമാണ് സര്‍ക്കാരും വൈദ്യുതിബോര്‍ഡും കാത്തിരിക്കുന്നത്. ഒരു മാസംമുമ്പ് തന്നെ െൈവദ്യുതി നിരക്കുവര്‍ധന കഠിനമാകുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി തുറന്നുപറഞ്ഞിരുന്നു. സംസ്ഥാനത്തെ നാലിടങ്ങളില്‍ ഉപഭോക്താക്കളില്‍നിന്ന്‌തെളിവെടുത്തശേഷം നിരക്ക് വര്‍ധിപ്പിക്കാനാണ് തീരുമാനം. പക്ഷേ വര്‍ധന അനിവാര്യമാണോ എന്ന ചോദ്യമാണ്എല്ലായിടത്തുനിന്നും ഉയരുന്നത്. നിലവില്‍ 2000 കോടിയിലധികം രൂപയുടെ കുടിശികയാണ് വൈദ്യുതി ബോര്‍ഡിന് പല സ്ഥാപനങ്ങളിലും ഉപഭോക്താക്കളില്‍നിന്നുമായി കിട്ടാനുള്ളത്. ഇത് പിരിച്ചെടുക്കുന്നതിന് ബോര്‍ഡിനോ സര്‍ക്കാരിനോ യാതൊരു ഔല്‍സുക്യവുമില്ലതാനും. കുത്തകകളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമാണ് കുടിശികക്കാരില്‍ മുഖ്യം. ഇവരെ തൊടാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെപോലെ ജനങ്ങളുടെ പിടലിക്കുതന്നെ ഈ ഭാരവും ചുമത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്തയാഴ്ച അവതരിപ്പിക്കാനിരിക്കുന്ന കേരള ബജറ്റിലും ജനങ്ങളുടെമേല്‍ ഭാരം കെട്ടിവെക്കപ്പെടുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. വായ്പകളും അതിന്മേലുള്ള പലിശയും റവന്യൂചെലവുകളും കൊണ്ട് മൂന്നര ലക്ഷത്തിന്റെ കടക്കെണിയിലകപ്പെട്ടിരിക്കുന്ന സംസ്ഥാനത്തിന്റെ ഭാരം വീണ്ടും ജനങ്ങളുടെ മേല്‍ചുമത്താനാണ് കെ റെയില്‍ പോലുള്ള ഭാവനാരഹിതമായ പദ്ധതികളും. ഇതിനിടെയാണ് മെഡിക്കല്‍ കോര്‍പറേഷനിലും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വകയിലുമായുള്ള വെട്ടിപ്പുകള്‍. കോവിഡ് മഹാമാരിയും ചികില്‍സാചെലവുകളും വന്‍തോതിലുള്ള തൊഴില്‍ നഷ്ടവും തൊഴിലില്ലായ്മയുമെല്ലാം ചേര്‍ന്ന് പട്ടിണിയുടെ വക്കിലെത്തിയ സാധാരണക്കാരോടും പാവങ്ങളോടുമാണ് സര്‍ക്കാരുകള്‍ ഈ വെല്ലുവിളി നടത്തുന്നത്. ജനാധിപത്യമെന്നാല്‍ ജനങ്ങളുടെമേലുള്ള ആധിപത്യമെന്നാണോ ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്?