X

കേംബ്രിഡ്ജ് അനലറ്റിക്ക വിവാദം ; ഫെയ്‌സ്ബുക്കിന്റെ ഓഹരിയില്‍ വന്‍ ഇടിവ് , 3700 കോടിയുടെ നഷ്ടം ഫെയ്‌സ്ബുക്ക് ഡിലീറ്റ് കാമ്പെയ്ന്‍ ശക്തം

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക്ക് ഐഡികള്‍ ദുരുപയോഗം ചെയ്തു എന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്കിന്റെ ഓഹരി മൂല്യത്തില്‍ വന്‍ ഇടിവ്. 3700 കോടി ഡോളറിന്റെ നഷ്ടമാണ് ചരിത്രത്തില്‍ ആദ്യമായി ഫെയ്‌സ്ബുക്കിന് നേരിടേണ്ടി വന്നിരിക്കുന്നത്. അതേസമയം ഫെയ്‌സ്ബുക്ക് ഉപയോഗം എല്ലാവരും അവസാനിപ്പിക്കണമെന്ന് വാട്്‌സ് ആപ് സ്ഥാപകന്‍ ബ്രിയാന്‍ ആക്ടണ്‍ ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധകോണുകളില്‍ നിന്ന് ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്യുകയെന്ന കാമ്പെയ്‌നിനും തുടക്കമായിട്ടുണ്ട്.

ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ ബ്രിട്ടിഷ് കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്ക 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നും 50 മില്യണിലേറെ ഫേസ്ബുക്ക് ഐ.ഡികള്‍ ദുരുപയോഗപ്പെടുത്തിയെന്നും കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസും ഗാര്‍ഡിയനും റിപ്പോര്‍ട്ട് ചെയ്തിരുന്നു .ഇത് വിവാദമായതോടെയാണ് ഫെയ്ബുക്കിന്റെ ഓഹരി മൂല്യത്തില്‍ 37 ബില്യണ്‍ ഡോളറിന്റെ ഇടിവ് സംഭവിച്ചിരിക്കുന്നത്. 6.77 ശതമാനത്തിലേക്ക് താഴ്ന്ന് 172 പോയിന്റിലാണ് ഒടുവില്‍ ക്ലോസ് ചെയ്തത്.

അതേസമയം തരഞ്ഞെടുപ്പുകളെ സ്വാധീനിക്കാറുണ്ടെന്ന് സമ്മതിച്ച അനലറ്റിക്ക സിഇഒ അലക്‌സാണ്ടര്‍ നിക്‌സിനെ കമ്പനി പുറത്താക്കി. കൈക്കൂലി കൊടുത്തും സ്ത്രീകളെ ഉപയോഗിച്ചും വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് നിക്‌സ് സമ്മതിച്ചിരുന്നു. ഫെയസ്ബുക്ക് ഐ.ഡികള്‍ ദുരുപയോഗം ചെയ്തതിന് കേംബ്രിഡ്ജ് അനലറ്റിക്കയ്‌ക്കെതിരെ യു.കെ ഇന്‍ഫര്‍മേഷന്‍ കമ്മിഷ്ണര്‍ വാറന്റ് പുറപ്പെടുവിച്ചു. പൗരന്റെ സ്വകാര്യതയെ മാനിക്കാത്ത നടപടി ആശങ്കയുണ്ടാക്കുന്നതാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ തെരേസാ മേയുടെ വക്താവ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യയടക്കം ലോകത്തെ വിവിധ രാജ്യങ്ങളിലെ ഇരുന്നൂറോളം തെരഞ്ഞെടുപ്പുകളില്‍ വ്യാജ പ്രചാരണങ്ങളിലൂടെയും വോട്ടര്‍മാരെ കൃത്രിമ മാര്‍ഗങ്ങളിലൂടെ സ്വാധീനിച്ചും തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന്റെ പേരില്‍ നടപടി നേരിടുന്ന സ്ഥാപനമാണ് കേംബ്രിഡ്ജ് അനലിറ്റിക്ക.

chandrika: