കൊളംബിയയില്‍ മാരകരോഗം ബാധിക്കാത്തവര്‍ക്ക് കൂടി ദയാവധത്തിന് അനുമതി നല്‍കിയ നിയമനിര്‍മാണത്തിന് ശേഷം ആദ്യമായി പരസ്യ ദയാവധം തെരഞ്ഞെടുത്ത വിക്ടര്‍ എസ്‌കോബാര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മരണത്തെ സ്വീകരിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച മരണസമയത്ത് 60കാരന്‍ ചുറ്റുംകൂടിയവരോട് യാത്ര പറഞ്ഞു. മരണം ചിത്രീകരിക്കാന്‍ കാമറയുമായി ആളുകളുമെത്തിയിരുന്നു. ശ്വാസകോശ രോഗബാധിതനായിരുന്നു എസ്‌കോബാര്‍. സ്വന്തമായി ശ്വസിക്കാന്‍ പ്രയാസം നേരിട്ടിരുന്നു. പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അതിമാരകമായ രോഗികള്‍ക്ക് മാത്രമാണ് ഇത്രയും കാലം ദയാവധത്തിന് അനുമതി നല്‍കിയിരുന്നുള്ളൂ. അങ്ങനെയല്ലാതെ ദയാവധം നേടുന്ന ആദ്യത്തെയാളായി എസ്‌കോബാര്‍.
തന്റെ രണ്ടുവര്‍ഷത്തെ പോരാട്ടഫലമായാണ് ഇപ്പോള്‍ ദയാവധം നേടുന്നതെന്ന് മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് എസ്‌കോബാര്‍ പറഞ്ഞു. ഏതാനും നിമിഷങ്ങള്‍ക്കകം എസ്‌കോബാറിന്റെ മരണം അഭിഭാഷകന്‍ സ്ഥിരീകരിച്ചു. മരണസമയമായപ്പോള്‍ എസ്‌കോബാറിനെ മയക്കിക്കിടത്തുകയും മരണത്തിനായുള്ള കുത്തിവെപ്പെടുക്കുകയുമായിരുന്നു.
ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയ 1997ലാണ് ദയാവധം നിയമവിധേയമാക്കിയത്. 2021 ജൂലൈയില്‍ കോടതി അതിമാരക അസുഖമില്ലാത്തവര്‍ക്കും സ്വാഭിമാനത്തോടെ മരിക്കാനുള്ള അവകാശം അനുവദിക്കുകയായിരുന്നു. കാത്തലിക് വിശ്വാസികള്‍ ഭൂരിപക്ഷമുള്ള രാജ്യമാണെങ്കിലും ദയാവധത്തിന് കൊളംബിയ അനുമതി നല്‍കുകയായിരുന്നു. ദയാവധത്തെ സഭ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. എസ്‌കോബാറും കാത്തലിക് വിശ്വാസിയായിരുന്നു.
ദയാവധത്തിനുള്ള എസ്‌കോബാറിന്റെ അപേക്ഷ ആദ്യം നിരസിക്കപ്പെട്ടിരുന്നു. മാരകരോഗമല്ലെന്നും അസുഖവും കഷ്ടതകളും ലഘൂകരിക്കാനുള്ള സാധ്യതകളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നിരസിക്കപ്പെട്ടത്. എന്നാല്‍ എസ്‌കോബാര്‍ നിയമപോരാട്ടം തുടരുകയായിരുന്നു. അങ്ങനെ മരിക്കാനുള്ള അനുമതി ഹൈകോടതിയില്‍ നിന്ന് നേടി. ജനുവരി ഏഴ് വെള്ളിയാഴ്ചയാണ് മരിക്കാനുള്ള ദിവസമായി തെരഞ്ഞെടുത്തത്. ബന്ധുക്കള്‍ക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനുള്ള സൗകര്യം പരിഗണിച്ചാണ് വെള്ളിയാഴ്ച മരണം തെരഞ്ഞെടുത്തത്.
രാജ്യത്ത് 157 പേര്‍ ഇത്തരത്തില്‍ ദയാവധം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 2015ന് ശേഷം മാരക അസുഖബാധിതരായ 178 പേര്‍ കൊളംബിയയില്‍ ദയാവധം തെരഞ്ഞെടുത്തതായി ദയാവധത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന ചൂണ്ടിക്കാട്ടുന്നു.
ലോകത്ത് ദയാവധത്തിന് നിയമപരമായി അംഗീകാരം നല്‍കിയ അപൂര്‍വം രാഷ്ട്രങ്ങളിലൊന്നാണ് കൊളംബിയ. യൂറോപ്യന്‍ രാജ്യങ്ങളായ ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ലക്‌സംബര്‍ഗ്, സ്‌പെയിന്‍ എന്നിവയില്‍ ദയാവധത്തിന് അനുമതിയുണ്ട്.