ബഗോട്ട: ഫലസ്തീനെ പൂര്‍ണ പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് കൊളംബിയ. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസാണ് ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കാന്‍ തീരുമാനമെടുത്തത്. ഇവാന്‍ ഡ്യൂക് പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്‍പാണ് വിദേശകാര്യ മന്ത്രാലയം തീരുമാനം അറിയിച്ചത്. യുഎസിന്റെ സഖ്യചേരിയായ കൊളംമ്പിയ ഇസ്രാഈലുമായും ബന്ധം പുലര്‍ത്തുന്നുണ്ട്. പുതിയ തീരുമാനമറിഞ്ഞയുടന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു കൊളംമ്പിയ സന്ദര്‍ശനം റദ്ദാക്കി.
കൊളംമ്പിയ സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് ഇങ്ങനെ: നിങ്ങളെ ഒരു സുപ്രധാന കാര്യം അറിയിക്കുകയാണ്. ഫലസ്തീന്‍ സ്വതന്ത്രവും പരമാധികാരവും ഉള്ള രാജ്യമായി പ്രസിഡന്റ് ജുവാന്‍ മാനുവല്‍ അംഗീകരിച്ചതായി അറിയിക്കുന്നു.
ഫലസ്തീനെ പരമാധികാര രാജ്യമായി അംഗീകരിച്ച ഏറ്റവും ഒടുവിലത്തെ രാഷ്ട്രം കൂടിയാണ് സൗത്ത് അമേരിക്കയിലെ രാജ്യമായ കൊളംമ്പിയ. തുടര്‍ന്നു വന്ന പ്രസിഡന്റും ഈ തീരുമാനത്തെ അംഗീകരിച്ചു. ലോക സമാധാന സംഘടനയായ യുഎന്നിലെ 70 ശതമാനം രാജ്യങ്ങളും ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്. ഇസ്രാഈലും സഖ്യ രാഷ്ട്രങ്ങളും മാത്രമാണ് ഇത് അംഗീകരിക്കാതിരിക്കുന്നത്. ഇത്തരം തീരുമാനങ്ങള്‍ രാജ്യത്തിന്റെ സമാധാന ശ്രമങ്ങള്‍ക്ക് ഊര്‍ജമേകുന്നതാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് വ്യക്തമാക്കി.