X

ഇംഗ്ലണ്ടിനെതിരെ പെനാല്‍റ്റി മിസ്സാക്കിയ കൊളംബിയന്‍ താരങ്ങള്‍ക്ക് വധഭീഷണി

മോസ്‌കോ: റഷ്യന്‍ ലോകകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ തോറ്റു പുറത്തായ കൊളംബിയന്‍ താരങ്ങള്‍ക്ക് വധഭീഷണി. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി തുല്യത പാലിച്ച മത്സരത്തില്‍ വിജയികളെ കണ്ടെത്തിയത് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു. ഷൂട്ടൗട്ടില്‍ പെനാല്‍റ്റി മിസ്സാക്കിയ താരങ്ങള്‍ക്കും കാര്‍ലോസ് സാഞ്ചസിനും നേരെയാണ് വധഭീഷണി വന്നിരിക്കുന്നത്.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് നാലു കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ കൊളംബിയക്ക് മൂന്നെണ്ണം മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. ഇതോടെ ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ കൊളംബിയ റഷ്യന്‍ ലോകകപ്പില്‍ നിന്നും പുറത്തായി. കൊളംബിയന്‍ താരങ്ങളായ മാത്തേയസ് ഉറിബേ, കാര്‍ലോസ് ബെക്ക എന്നിവരാണ് പെനാല്‍റ്റി മിസ് ആക്കിയത്. ഇതോടെ താരങ്ങളുടെ ജീവന് തന്നെ ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. ടീമിന്റെ തോല്‍വിക്ക് കാരണം ഇരുവരും ആണെന്നും ഇവര്‍ കൊളംബിയയില്‍ മടങ്ങിയെത്തിയാല്‍ വധിക്കുമെന്ന് ടീമിന്റെ ആരാധകരെന്ന് അവകാശപ്പെടുന്നവര്‍ തന്നെയാണ് ഭീഷണിപ്പെടുത്തുന്നത്.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനെതിരെ തോല്‍വിക്ക് കാരണായ പെനാല്‍റ്റിക്ക് കാരണക്കാരനായ കാര്‍ലോസ് സാഞ്ചസിനും വധഭീഷണിയുണ്ടായിരുന്നു. പ്രീ-ക്വാര്‍ട്ടറില്‍ സാഞ്ചസിന്റെ ഫൗളില്‍ നിന്നും ലഭിച്ച പെനാല്‍റ്റിയിലാണ് ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത്. ഇതിന് പിന്നാലെ സാഞ്ചസിനെതിരെ വീണ്ടും വധ ഭീഷണി ഉയര്‍ന്നു.

മൂവരേയും കൊളംബിയയില്‍ കാലു കുത്തിയാല്‍ കൊന്നുകളയുമെന്നാണ് സോഷ്യല്‍ മീഡിയയിലും മറ്റുമായി ചിലരുടെ ഭീഷണി. ഫുട്‌ബോളിനെ ജീവനോളം സ്‌നേഹിക്കുന്ന കൊളംബിയക്കാര്‍ ഇതിനു മുമ്പും പരാജയപ്പെട്ട ടീമിന് വധഭീഷണി മുഴക്കിയിട്ടുണ്ട്.

ഇതിഹാസ താരം ആന്ദ്രേ എസ്‌കോബാറിനെ സെല്‍ഫ് ഗോളിന്റെ പേരില്‍ വെടി വച്ച് കൊന്നതിന്റെ 24-ാം വാര്‍ഷിക ദിനത്തില്‍ തന്നെയാണ് വീണ്ടും കൊളംബിയന്‍ താരങ്ങള്‍ക്കെതിരെ വധഭീഷണി ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

chandrika: