ബംഗളൂരു: ബംഗളൂരുവില്‍ മുടി സ്‌ട്രെയിറ്റനിംഗ്(ചുരുള്‍ നിവര്‍ത്തല്‍) ചെയ്തതിനെ തുടര്‍ന്നുണ്ടായ മുടികൊഴിച്ചിലില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കുടക് സ്വദേശിനിയും മൈസൂരിലെ സ്വകാര്യ കോളേജിലെ ബി.ബി.എ വിദ്യാര്‍ഥിനിയുമായ നേഹ ഗംഗമ്മയാണ്(19) പുഴയില്‍ ചാടി ജീവനൊടുക്കിയത്.
കഴിഞ്ഞമാസമാണ് നേഹ ബ്യൂട്ടി പാര്‍ലറില്‍ മുടി സ്‌ട്രെയിറ്റനിംഗ് ചെയ്തത്. തുടര്‍ന്ന് മുടികൊഴിച്ചില്‍ ആരംഭിക്കുകയായിരുന്നു. ഇതോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി അമ്മയെ വിളിച്ച് മുഴുവന്‍ മുടിയും കൊഴിഞ്ഞുപോകുമെന്ന് പേടിക്കുന്നതായി പറഞ്ഞു. ഒരുവര്‍ഷത്തേക്ക് കോളേജില്‍ പോകുന്നില്ലെന്നും അറിയിച്ചു. വീട്ടുകാര്‍ സമാധാനിപ്പിച്ചിട്ടും കടുത്ത മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അലര്‍ജിയുടെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.
കഴിഞ്ഞ മാസം 28 മുതല്‍ പെണ്‍കുട്ടിയെ മൈസൂരിലെ താമസസ്ഥലത്ത് നിന്ന് കാണാതാവുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ബ്യൂട്ടി പാര്‍ലറിനെതിരെ പൊലീസ് കേസെടുത്തു. ബ്യൂട്ടിപാര്‍ലറില്‍ ഉപയോഗിച്ച രാസവസ്തുവാണ് മുടികൊഴിച്ചിലിനും അലര്‍ജിക്കും ഇടയാക്കിയതെന്ന് ലാബിലെ പരിശോധനയില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു.