X

ഷെഫിന്‍ ജഹാനുമായി സംസാരിച്ചതിനു ശേഷം ഹാദിയ ആശ്വാസവതിയായെന്ന് കോളേജ് ഡീന്‍

സേലം: ഹാദിയ ഷെഫിന്‍ ജഹാനുമായി സംസാരിച്ചെന്ന് കോളേജ് ഡീന്‍. തന്റെ ഫോണില്‍ നിന്നാണ് ജെഫിനുമായി സംസാരിച്ചതെന്നും അതിനുശേഷം ഹാദിയയെ കൂടുതല്‍ ആശ്വാസവതിയായി കണ്ടെന്നും ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളേജ് ഡീന്‍.ജി. കണ്ണന്‍ പറഞ്ഞു. സുപ്രീംകോടതി ഉത്തരവുപ്രകാരം തുടര്‍ പഠനത്തിന് സേലത്തെ കോളേജിലെത്തിയതായിരുന്നു ഹാദിയ.

ലോക്കല്‍ ഗാര്‍ഡിയന്‍ എന്ന നിലയില്‍ ആരെയെങ്കിലും കാണുകയോ, സംസാരിക്കുകയോ ചെയ്യണമോ എന്ന് താന്‍ ഹാദിയയോട് ചോദിച്ചു. ഷെഫിന്‍ ജഹാനെ വിളിക്കണമെന്നാണ് ഹാദിയ പറഞ്ഞത്. അതനുസരിച്ച് ബുധനാഴ്ച്ച ഷെഫിനെ വിളിക്കുകയായിരുന്നുവെന്ന് കോളേജ് ഡീന്‍ പറഞ്ഞു. ഷെഫിന്‍ ജഹാനുമായി ഫോണില്‍ സംസാരിച്ചതിന് ശേഷം കൂടുതല്‍ ആശ്വാസവതിയായിട്ടാണ് ഹാദിയയെ കണ്ടത്. ഹാദിയക്ക് ആരെയെങ്കിലും കാണുന്നതിനോ സംസാരിക്കുന്നതിനോ യാതൊരു വിലക്കുമില്ലെന്നും ഡീന്‍ വ്യക്തമാക്കി. അതേസമയം, കോളേജിലെ സ്വാതന്ത്ര്യത്തെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്ന് ഹാദിയ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

നിലവില്‍ ഒരു സബ്ഇന്‍സ്‌പെക്ടറും നാല് കോണ്‍സ്റ്റബിള്‍മാരുമാണ് ഹാദിയയുടെ സുരക്ഷക്കായിട്ടുള്ളത്. അതിനിടെ, ഷെഫിന്‍ ജഹാന് ഹാദിയയെ സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കുന്നതിനെതിരെ ഹാദിയയുടെ പിതാവ് അശോകന്‍ നിയമനടപടിക്കൊരുങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കോളേജിന്റെ നടപടി തെറ്റാണെന്നും കോടതിലക്ഷ്യമാണെന്നും അശോകന്‍ പറഞ്ഞു. ആര് ആവശ്യപ്പെട്ടാലും കാണിക്കാനുള്ള വസ്തുവല്ല തന്റെ മകളെന്നും അശോകന്‍ പറഞ്ഞു. ഷെഫിന്‍ ജഹാന്‍ തീവ്രവാദ കേസ്സിലെ കണ്ണിയാണെന്നും അശോകന്‍ ആരോപിച്ചു.

ഇന്നലെ രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഷെഫിന്‍ ജഹാനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് ഹാദിയ പറഞ്ഞിരുന്നു. തനിക്ക് പ്രിയപ്പെട്ടവരെ കാണുകയും സംസാരിക്കുകയും വേണമെന്നും ഹാദിയ പറഞ്ഞിരുന്നു. കോളേജുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും രണ്ടു ദിവസത്തിനുശേഷം പറയാമെന്നും ഹാദിയ വ്യക്തമാക്കിയിരുന്നു. കോടതി പറഞ്ഞ സ്വാതന്ത്ര്യം ഇതുവരെ ലഭിച്ചിട്ടില്ല എന്നും ഹാദിയ പറഞ്ഞു. സേലത്തെ കോളജിലെത്തിയ ഹാദിയ ഹൗസ് സര്‍ജന്‍സിയ്ക്കു അപേക്ഷ നല്‍കി.

chandrika: