X

മുഖം മിനുക്കി മിഠായിത്തെരുവ്; പൊതുജനങ്ങളുടെ അഭിപ്രായം തേടി കളക്ടര്‍

കോഴിക്കോട്: മിഠായിത്തെരുവിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ യു.വി ജോസ്. മുഖം മിനുക്കിയ മിഠായിത്തെരുവിന്റെ ഉദ്ഘാടനം നവംബറില്‍ നടക്കുമെന്നും പുതിയ മിഠായിത്തെരുവിലെ ക്രമീകരണങ്ങളില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുകയാണെന്നും കളക്ടര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മിഠായിത്തെരുവിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് തീരാറായി. വിചാരിച്ചതിലും കുറച്ച് അധികം സമയമെടുത്തു. എന്തായാലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടുത്ത മാസത്തോടെ തീരും. നവംബറില്‍ ഉല്‍ഘാടനം.

പുതുക്കിയ എസ് എം സ്ട്രീറ്റിലെ ക്രമീകരണങ്ങള്‍ എങ്ങനെയായിരിക്കണം എന്നതിനെ പറ്റി പല അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കിട്ടുന്നുണ്ട്. ഇക്കാര്യങ്ങള്‍ നിങ്ങളെല്ലാവരുമായി ചര്‍ച്ച ചെയ്യാമെന്ന് കരുതിയാണ് ഈ പോസ്റ്റ്.

നവീകരിച്ച എസ്എം സ്ട്രീറ്റില്‍ വാഹന ഗതാഗതം വേണ്ട എന്ന് ഒരു നിര്‍ദ്ദേശം വന്നിട്ടുണ്ട്. മറിച്ച് പഴയ പടി വാഹന ഗതാഗതം അനുവദിക്കണം എന്ന അഭിപ്രായം പ്രധാനമായും ചില വ്യാപാരികളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. കടകളിലേക്ക് സാധനങ്ങള്‍ മാറ്റാനും മറ്റുമായി രാത്രി 11 മണി മുതല്‍ രാവിലെ 9 മണി വരെ ഗതാഗതം അനുവദിക്കാം എന്നൊരു നിര്‍ദ്ദേശവും ഉയര്‍ന്നു വന്നിട്ടുണ്ട്. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി എന്തെങ്കിലും ഒരു സംവിധാനം വേണം എന്ന നിര്‍ദ്ദേശം വന്നിട്ടുണ്ട്. വീല്‍ചെയറുകള്‍, ചെറിയ ഇലക്ട്രിക് വാഹനങ്ങള്‍, ഓട്ടോറിക്ഷ എന്നൊക്കെ അഭിപ്രായങ്ങള്‍ കേട്ടു.
തെരുവ് ഷോപ്പിംഗിനു വേണ്ടി മാത്രമാവാതെ ചെറിയ രീതിയിലുള്ള എന്തെങ്കിലുമൊക്കെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി വേദിയാവുന്നത് പരിഗണിച്ചു കൂടെ എന്നൊരു നിര്‍ദ്ദേശവും കേട്ടു. ചെറിയ ചിത്രപ്രദര്‍ശനങ്ങള്‍, തെരുവ് നാടകങ്ങള്‍ എന്നിങ്ങനെ.
ഈ കാര്യങ്ങളില്‍ നിങ്ങളുടെ ഒക്കെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ താല്പര്യമുണ്ട്. അതനുസരിച്ച് സാദ്ധ്യമായതൊക്കെ ചെയ്യാം.

chandrika: