പെരിന്തല്‍മണ്ണ: പി വി അന്‍വര്‍ എം.എല്‍.എയുടെ ചീങ്കണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ച് നീക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിച്ച് നീക്കണമെന്നാണ് ഉത്തരവ്. ദുരന്തനിവാരണ സമിതിയാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ചെറുകിട ജലസേചന വകുപ്പിനാണ് തടയണ പൊളിക്കാനുള്ള ചുമതല. കലക്ടറുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥലഉടമ തടയണ പൊളിച്ച് നീക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ തടയണ പൊളിക്കും. തടയണ പൊളിക്കുന്നതിനുള്ള ചെലവ് സ്ഥല ഉടമയില്‍ നിന്ന് ഈടാക്കും. ദുരന്ത നിവാരണ നിയമം ലംഘിച്ചാണ് തടയണ നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് 14 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. 8 പേജില്‍ തടയണയുമായി ബന്ധപ്പെട്ട വിവരങ്ങളും 6 പേജില്‍ ചിത്രങ്ങളുമാണ് ഉള്ളത്. പരിസ്ഥിതിസമിതി അംഗമായിരിക്കെയാണ് അന്‍വര്‍ എംഎല്‍എ തടയണ നിര്‍മിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലകപ്പെട്ടത്.
തടയണ സ്ഥലമുടമസ്ഥന്‍ പൊളിച്ചു മാറ്റാത്ത പക്ഷം ജില്ലാ ഭരണകൂടം ഇടപെടുമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം കലക്ടര്‍ക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് എംഎല്‍എ ചീങ്കണ്ണിപ്പാലയില്‍ തടയണ നിര്‍മിച്ചതെന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി ആര്‍ഡിഒയെ അറിയിച്ചിരുന്നു.