X

കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കലക്ടറുടെ നിര്‍ദേശം

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍ദേശിച്ചു. നിപ വൈറസ് വീണ്ടും പടരുന്നുവെന്ന സൂചനയെത്തുടര്‍ന്നാണ് കോടതിയുടെ പ്രവര്‍ത്തനം പത്തു ദിവസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ജില്ലാ കലക്ടര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ജില്ലാ കോടതി സീനിയര്‍ സൂപ്രണ്ടായിരുന്ന മധുസൂദനന്‍ നിപ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ബാര്‍ അസോസിയേഷനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് ബാര്‍ അസോസിയേഷന്‍ ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഈ പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടറുടെ ഇടപെടല്‍.

കഴിഞ്ഞ ദിവസങ്ങളില്‍ നിപ്പ ബാധിച്ച് രണ്ടു പേര്‍ മരിച്ച സാഹചര്യത്തില്‍ ബാലുശ്ശേരി ആസ്പത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഒരാഴ്ചത്തേക്ക് ആസ്പത്രിയില്‍ നിന്ന് മാറി നില്‍ക്കാനാണ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതിനിടെ, മെയ് അഞ്ച്, പതിനാല് തിയതികളില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയിലും സി.ടി സ്‌കാന്‍ റൂമിലും വെയിറ്റിങ് റൂമിലും 18,19 തിയതികളില്‍ ബാലുശ്ശേരി താലൂക്ക് ആസ്പത്രിയിലും സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍ സ്റ്റേറ്റ് നിപ സെല്ലിനു മുമ്പാകെ വിവരം അറിയിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

chandrika: