X
    Categories: CultureNewsViews

കണ്ണൂരിലെ കള്ളവോട്ട്: ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കള്ളവോട്ട് ചെയ്യുന്നതായി മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ പറയുന്നു.
കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ 19-ാം നമ്പര്‍ ബൂത്തിലെ കള്ളവോട്ട് ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ഇതിനു പിന്നാലെയാണ് കണ്ണൂര്‍ ജില്ലാ കലക്ടറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വെബ് കാസ്റ്റിംഗിന് നേതൃത്വം നല്‍കിയ അക്ഷയ മിഷന്‍ ജില്ലാ പ്രൊജക്ട് ഓഫീസറോട് കാര്യങ്ങള്‍ തിരക്കിയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ ംലയരമേെസലൃമഹമഴല2019.രീാ എന്ന വെബ് സൈറ്റ് വഴി തല്‍സമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടിരുന്നു. ഇതില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. എന്നാല്‍ വോട്ടിംഗ് രേഖകള്‍ പരിശോധിച്ചാല്‍ മാത്രമേ കള്ളവോട്ടാണോ ചെയ്തതെന്ന് വ്യക്തമാവൂവെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ പരിശോധന അടുത്ത ദിവസം നടക്കും.
19ാം നമ്പര്‍ ബൂത്തില്‍ നടന്നത് ഓപ്പണ്‍ വോട്ടാണെന്ന വാദവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വാദം തുടക്കത്തില്‍ തന്നെ പൊളിഞ്ഞു. ഓപ്പണ്‍ വോട്ടു ചെയ്യുന്നവരുടെ വലതു കൈ വിരലിലാണ് മഷി പുരട്ടുക. പുറത്തുവന്ന വീഡിയോയില്‍ രണ്ടു തവണ വോട്ടു ചെയ്യുമ്പോഴും ഇടതു കൈയിലാണ് മഷി പുരട്ടുന്നത്. ഇതിനു പുറമെ ഓപ്പണ്‍ വോട്ട് ചെയ്യാനുള്ള വോട്ടര്‍ ബൂത്തിലെത്തിയതായും ദൃശ്യത്തില്‍ ഇല്ല. ബൂത്ത് ഏജന്റ് അല്ലാത്ത സിപിഎമ്മിന്റെ പ്രാദേശിക നേതാവ് ഏറെ നേരം ബൂത്തില്‍ നിലയുറപ്പിച്ചതും ദൃശ്യത്തില്‍ വ്യക്തമാണ്. ഇതെല്ലാം പരിശോധിച്ചായിരിക്കും കലക്ടര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇതിനിടെ കൂടുതല്‍ കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്ത് വിടാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ഇങ്ങിനെ സംഭവിച്ചാല്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കലക്ടറും പ്രതിരോധത്തിലാവും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: