X

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ എന്‍ പ്രശാന്ത്

കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത്. തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മനുഷ്യനന്മയ്ക്കും നല്ലതിനുമാകണം വിശ്വാസം. അത് ഏതായാലും എന്തിന്റെ പേരിലായാലും. നവജാത ശിശുവിനെ പട്ടിണിക്കിടാന്‍ ഒരു മതവും പറയുമെന്ന് കരുതാന്‍ വയ്യ. പിറന്നു വീണ കുഞ്ഞിന് പാല്‍ നല്‍കരുതെന്ന് വാശി പിടിച്ച മുക്കത്തെ യുവാവും, ക്രൂരത ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചയാളും നല്ല ‘ചികില്‍സ’ ആവശ്യമുള്ളവരാണെന്നതില്‍ സംശയമില്ല- പോസ്റ്റില്‍ പറയുന്നു. കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും പിഞ്ചുകുഞ്ഞിന്റെ ജീവന്‍ സംരക്ഷിക്കാനും പോലീസിനും ബന്ധപ്പെട്ടവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. നിയമപരമായ നടപടികളില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

അഞ്ച് ബാങ്കിവിളികള്‍ക്ക് ശേഷമേ കുഞ്ഞിന് മുലപ്പാല്‍ നല്‍കാവൂവെന്നാണ് കുഞ്ഞിന്റെ പിതാവ് അബൂബക്കര്‍ സിദ്ധീഖ് പറഞ്ഞത്. ഇന്നലെ ഉച്ചക്കാണ് സംഭവം.

Web Desk: