മലപ്പുറം: വിദ്യാര്‍ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പില്‍ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയില്‍ മാതൃകാപരമായ ശിക്ഷ നടപ്പാക്കി ജില്ലാകലക്ടര്‍. ബസ് കണ്ടക്ടറോട് തവനൂര്‍ ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുന്നതിനാണ് കലക്ടര്‍ ജാഫര്‍ മാലിക് ഉത്തരവിട്ടത്. 10 ദിവസം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് മണി വരെ ജോലി ചെയ്യാനാണ് നിര്‍ദേശം. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യണം. ശിക്ഷാ കാലയളവില്‍ ഇദ്ദേഹം ശിശുഭവന്‍ സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കണമെന്നും സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തു ദിവസങ്ങള്‍ക്കുശേഷം കുഞ്ഞുങ്ങളെ സ്‌നേഹിക്കുകയും അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു നല്ല ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് കരുതുന്നതെന്നും കലക്ടര്‍ പറഞ്ഞു. ആര്‍.ടി.ഒ അനൂപ് വര്‍ക്കി ജില്ലാ കലക്ടറുമായി ആലോചിച്ചശേഷമാണ് മാതൃകാപരമായ ശിക്ഷാ നടപടിക്ക് തയ്യാറായത്.
കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നും പരപ്പനങ്ങാടിയിലേക്ക് വരുന്നതിന് മഞ്ചേരി പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. നിരവധി വിദ്യാര്‍ഥികള്‍ ബസിലുണ്ടായിരുന്നു. വേങ്ങര കഴിഞ്ഞ് ഒരു സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ കുറച്ച് സ്‌കൂള്‍ കുട്ടികള്‍ ബസില്‍ നിന്നും ഇറങ്ങി. ഉടനെ ഇറങ്ങിയ ഒരു കുട്ടി വിളിച്ചു പറഞ്ഞു തന്റെ അനിയന്‍ ഇറങ്ങിയിട്ടില്ല. കണ്ടക്ടര്‍ കേള്‍ക്കാത്ത പോലെ ബെല്ലടിച്ചു. ആ സമയത്ത് തിരക്കിനിടയില്‍ നിന്നും കൊച്ചു കുട്ടി ഡോറിനടുത്തെത്തിയിരുന്നു. എന്നാല്‍ കുറച്ച് ദൂരെ കൊണ്ടു പോയാണ് കണ്ടക്ടര്‍ കുട്ടിയെ ഇറക്കിയത്. ബസിലുണ്ടായിരുന്ന നാട്ടുകര്‍ പ്രതികരിച്ചെങ്കിലും കണ്ടക്ടര്‍ മുഖവിലക്കെടുത്തിരുന്നില്ല. സംഭവം സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വൈറലായിരുന്നു. തുടര്‍ന്നാണ് മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന രീതിയിലുള്ള ശിക്ഷാ വിധി നടപ്പിലാക്കിയത്.
വിദ്യാര്‍ഥിയെ വഴിയില്‍ ഇറക്കിവിട്ടു കണ്ടക്ടര്‍ 10 ദിവസം ശിശുഭവനില്‍ കഴിയണം
Tags: education