എഡിഎം കെ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ. പരിപാടിയുടെ സംഘാടകൻ താൻ അല്ല, അതുകൊണ്ട് തന്നെ ദിവ്യയെ ക്ഷണിക്കേണ്ട കാര്യമില്ല? യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണ്, പരിപാടി സംഘടിപ്പിച്ച രേഖകൾ പരിശോധിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
തനിക്കെതിരെ നൽകിയ ജീവനക്കാരുടെ മൊഴിയിൽ വ്യക്തത വരുത്തുമെന്നും കലക്ടർ പറഞ്ഞു. ദിവ്യ എഡിഎമ്മിനെതിരെ സംസാരിക്കുമ്പോൾ എന്തുകൊണ്ട് ഇടപെട്ടില്ലെന്ന ചോദ്യത്തിന് അത് അന്വേഷണ പരിധിയിൽ വരുന്ന കാര്യമാണെന്നും ഇപ്പോൾ പറയാനാവില്ലെന്നുമായിരുന്നു കലക്ടറുടെ മറുപടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി പി ദിവ്യയെ തടഞ്ഞാൽ അത് പ്രോട്ടൊക്കോൾ ലംഘനമാകും. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയാനാവില്ല, അവധി അപേക്ഷ നൽകിയിട്ടില്ലെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന് കത്ത് നൽകിയത് കുറ്റസമ്മതം അല്ല, അവരുടെ ദുഃഖത്തോടൊപ്പം നിൽക്കുകയാണ് ചെയ്തത് കലക്ടർ പറഞ്ഞു.
പി.പി ദിവ്യ നടത്താൻ പോകുന്ന പരാമർശങ്ങളെക്കുറിച്ച് കലക്ടർക്ക് അറിയുമായിരുന്നുവെന്നും, നേരത്തെ അറിയാമായിരുന്നതുകൊണ്ടാണ് കലക്ടർ ഇടപെടാതിരുന്നത് എന്നുമാണ് ജീവനക്കാർ പൊലീസിന് മൊഴി നൽകിയത്. കലക്ടർ അരുൺ കെ വിജയന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. എഎഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കലക്ടറെ മാറ്റാൻ സാധ്യതയുണ്ട്.