X

ചിദംബരത്തിനെതിരായ കേന്ദ്രനീക്കത്തെ ചോദ്യം ചെയ്ത് മന്‍മോഹന്‍സിംഗ്

ന്യൂഡല്‍ഹി: പി.ചിദംബരം കസ്റ്റഡിയില്‍ തുടരുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെയും അന്വേഷണ ഏജന്‍സിയെയും വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍സിംഗ്. ഐഎന്‍എക്‌സ് മീഡിയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന ചിദംബരത്തെ മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ജയിലില്‍ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ഡോക്ടര്‍സിങിന്റെ പ്രതികരണം.

പി ചിദംബരത്തിനെതിരെ ഉള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത മന്‍മോഹന്‍സിംഗ് നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരാളും ഒറ്റയ്ക്ക് അല്ല കൂട്ടായാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ചൂണ്ടിക്കാട്ടി. 6 സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ഒരു ഡസന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച ഫയലിലാണ് അന്നത്തെ മന്ത്രിയായിരുന്ന പി ചിദംബരം ഒപ്പുവച്ചതെന്നും ഈ ഓഫീസര്‍മാര്‍ ആരും തെറ്റ് ചെയ്തിട്ടില്ലെങ്കില്‍, എങ്ങനെയാണ് ഇതില്‍ ഒപ്പുവച്ച പി.ചിദംബരം മാത്രം തെറ്റുകാരന്‍ ആവുന്നത് എന്നും മുന്‍ പ്രധാനമന്ത്രി ചോദിച്ചു.
മുന്‍ ധനമന്ത്രി പി.ചിദംബരം കസ്റ്റഡിയില്‍ തുടരുന്നതിലെ ആശങ്ക പ്രകടിപ്പിച്ച മന്‍മോഹന്‍സിംഗ് കേസില്‍ കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്നാണ് ഞങ്ങള്‍ ഓരോരുത്തരും വിശ്വസിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, മന്‍മോഹന്‍ സിങും സോണിയാ ഗാന്ധിയും സന്ദര്‍ശനം നടത്തിയത്‌ തനിക്കു ലഭിച്ച ആദരവായാണ് കാണുന്നതെന്നും തന്റെ പാര്‍ട്ടി ശക്തവും ധീരവുമായിരിക്കുന്നിടത്തോളം താനും ശക്തനും ധൈര്യവാനുമായിരിക്കുമെന്നും ചിദംബരം പിന്നീട് ട്വീറ്റ് ചെയ്തിരുന്നു. ചിദംബരത്തിനുവേണ്ടി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദും അഹമ്മദ് പട്ടേലും ചിദംബരത്തെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

ഐഎന്‍എക്സ് അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരത്തെ ഓഗസ്റ്റ് 21 നാണ് സിബിഐ അറസ്റ്റു ചെയ്തത്. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ചിദംബരം തിഹാര്‍ ജയിലിലാണ്. 2007ല്‍ പി.ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎന്‍എക്സ് മീഡിയക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.

chandrika: