ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന് വേണ്ടിയുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ട് സമർപിച്ച പൊതുതാൽപര്യ ഹരജി ഹൈക്കോടതി തള്ളി. സർക്കാരിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് സിനിമാനടനും കാസർകോട് സ്വദേശിയുമായ അഡ്വ. സി ഷുക്കൂർ നൽകിയ ഹരജിയാണ് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്ന നിർദേശത്തോടെ ഡിവിഷൻ ബഞ്ച് തള്ളിയത്.
ഫണ്ട് ദുരുപയോഗം ചെയ്തതിന് ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ ഹാജരാക്കാൻ ഹരജിക്കാരന് സാധിച്ചിട്ടില്ല. ബന്ധപ്പെട്ട അതോറിറ്റികളിൽ പരാതി നൽകാതെ കോടതിയിൽ നേരിട്ട് സമീപിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടികാട്ടി.
പ്രശസ്തിക്ക് വേണ്ടിയാണോ ഹരജി നൽകിയതെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ചോദിച്ചു. തുടർന്നാണ് 25000 രൂപ പിഴയടക്കാൻ നിർദേശിച്ചത്. നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നു, ഈ ഫണ്ടുകൾ ശേഖരിക്കുന്നതും വിനിയോഗിക്കുന്നതും നിരീക്ഷിക്കുന്നതിനോ മേൽനോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ല.
നിയമവിരുദ്ധമായ ഫണ്ട് ശേഖരണം നിയന്ത്രിച്ചില്ലെങ്കിൽ പലരുടെയും പണം നഷ്ടപ്പെടും. സമൂഹനന്മ കണക്കാക്കി പണം സംഭാവന ചെയ്യുന്നവരുണ്ട്, പക്ഷേ ഫണ്ടിന്റെ ഭൂരിഭാഗവും അർഹരായവരിലേക്ക് എത്താൻ സാധ്യതയില്ല. ദുരിതബാധിതർക്കായി ഫണ്ട് സ്വരൂപിക്കുന്നതിനായി സർക്കാർ രൂപീകരിച്ചതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. , അതിനാൽ ഏത് സംഘടനയും ശേഖരിക്കുന്ന ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നതായിരുന്നു ഹർജിക്കാരന്റെ ആവശ്യം.