ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയമാണെന്ന് പറഞ്ഞിട്ടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ചിത്രത്തിന്റെ കളക്ഷന്‍ വിവാദത്തിലാണ് നടന്‍ കുഞ്ചാക്കോ ബോബന് മറുപടിയുമായി സംഘടന രംഘത്തെത്തിയത്.
‘നിര്‍മ്മാതാക്കളും സംവിധായകരും പറഞ്ഞ നിര്‍മാണ ചെലവാണ് പുറത്തുവിട്ടത്. തിയേറ്ററുകളില്‍ നിന്ന് കിട്ടിയ കളക്ഷനാണ് പുറത്തുവിട്ട കണക്കുകളില്‍ ഉള്ളത്. നിര്‍മ്മാതാക്കളെ ബോധവല്‍ക്കരിക്കുക മാത്രമാണ് ചെയ്തതെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.
ചിത്രവുമായി ബന്ധപ്പെട്ട് സംഘടന പുറത്തുവിട്ട കണക്കുകളില്‍ അപാകത ഉണ്ടെന്നും 30 കോടി ക്ലബ്ബില്‍ ചിത്രം കടന്നുവെന്നും കുഞ്ചാക്കോ ബോബന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെയാണ് കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയത്.
കഴിഞ്ഞ രണ്ടുമാസങ്ങളിലായി മലയാള സിനിമകളുടെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മാതാക്കളുടെ സംഘടന പുറത്ത് വിടുന്നുണ്ട്. ഫെബ്രുവരി മാസത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടിലാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ കണക്കുവിവരങ്ങള്‍ ഉള്ളത്. ചിത്രത്തിന് 11 കോടി രൂപ വരവ് ലഭിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടിലുള്ളത്. ഇതിനെ ചോദ്യം ചെയ്താണ് കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തിയത്. തുടര്‍ന്ന് സിനിമയുടെ കണക്കുകളുടെ ഏകദേശ രൂപം കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കിയിരുന്നു.