കല്‍പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ വില്ലേജിലെ നാലര ഏക്കര്‍ സര്‍ക്കാര്‍ മിച്ചഭൂമി റിസോര്‍ട്ട് മാഫിയക്ക് തരം മാറ്റി തീര്‍എഴുതി കൊടുക്കാന്‍ ശ്രമിച്ച ഡെപ്യൂട്ടി കലക്ടറേയും മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ച സി പി ഐ ജില്ലാ സെക്രട്ടറിയേയും നടപടിക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വയനാട് ജില്ലാ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭൂമിക്കായി നെട്ടോട്ടമോടുന്ന ഘട്ടത്തിലാണ് ജില്ലയിലെ ഭരണരാഷ്ട്രീയ രംഗത്തുള്ളവര്‍ അധികാരം ഉപയോഗിച്ച് വന്‍തോതില്‍ കൊള്ള നടത്തുന്നത്.അഴിമതി രഹിത സര്‍ക്കാര്‍ എന്ന പ്രഖ്യാപനവുമായി അധികാരത്തില്‍ വന്ന ഇടത് പക്ഷ സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് വ്യക്തമായെന്നും എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം നടന്ന ഭൂമി ഇടപാടുകള്‍ പൂര്‍ണമായും അന്വേഷിക്കണമെന്നും കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.നവാസ് അഭിപ്രായപ്പെട്ടു . പ്രകടനമായി എത്തിയവരെ കലക്ടറേറ്റ് കവാടത്തില്‍ പോലീസ് തടഞ്ഞു.തുടര്‍ന്ന് മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് അമ്പിലേരി ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ സോമനാഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക്പരാതി നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. മാര്‍ച്ചിന് യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.പി.മുസ്തഫ, മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് അമ്പിലേരി, സി.കെ.നാസര്‍, സലാം മുണ്ടേരി, ഷാഫി എടകുനി, പി.എ.സുബൈര്‍, പി.പി.ഷൈജല്‍, തറയില്‍ മുസ്തഫ, എന്‍.കെ.മുജീബ്, ഷംനാസ് റാട്ടക്കൊല്ലി, എന്‍.കെ.ബഷീര്‍, ഷമീര്‍ ഒടുവില്‍, നിഷാദ് റാട്ടക്കൊല്ലി, ഒ.പി. ഷമീര്‍, റാഫി മുണ്ടേരി, അശ്മല്‍ തുര്‍ക്കി എന്നിവര്‍ നേതൃത്വം നല്‍കി.