X
    Categories: Sports

ലാറ്റിനമേരിക്കന്‍ സൗന്ദര്യത്തിനു മേല്‍ ജപ്പാന്‍ എഴുതിയ വിജയ കവിത

കൊളംബിയ 1 – ജപ്പാന്‍ 2

 

ഇരുടീമുകളും ടാക്ടിക്കല്‍ ഗെയിം കളിക്കുന്ന ഫുട്ബോള്‍ മത്സരങ്ങളോളം മനോഹരമായി മറ്റൊരു കായിക സന്തോഷവുമില്ല. എതിരാളികളെ കായികമായി നേരിടുകയും എന്തുവില കൊടുത്തും ബോക്സ് പ്രതിരോധിക്കുകയും ഭാഗ്യഗോളുകളില്‍ ജയിച്ചു കയറുകയും ചെയ്ത മത്സരങ്ങള്‍ ഈ ലോകകപ്പില്‍ തന്നെ നാം ഒന്നിലധികം തവണ കണ്ടു. പക്ഷേ, ഇന്നത്തെ കൊളംബിയ – ജപ്പാന്‍ മത്സരം ഇതിനെല്ലാം അപവാദമായിരുന്നു. ഹോസെ പെക്കര്‍മാന്‍ എന്ന അതീവ തന്ത്രശാലിയുടെ തന്ത്രങ്ങളെ ജപ്പാന്‍ എന്ന ഏഷ്യന്‍ രാജ്യം മനോഹരമായി മറികടന്ന ചരിത്ര മത്സരം. എത്ര കരുത്തരായാലും ഫുട്ബോള്‍ മൈതാനത്ത് ഒരംഗത്തിന്റെ കുറവ് എത്ര വലുതായിരിക്കുമെന്ന് ബോധ്യപ്പെടുത്തിയ അങ്കം.

എതിരാളികളെ ശരിക്കു വിലയിരുത്തി തന്നെയാണ് കൊളംബിയന്‍ കോച്ച് ഹോസെ പെക്കര്‍മാന്‍ സ്റ്റാര്‍ട്ടിങ് ഇലവനും കേളീശൈലിയും രൂപപ്പെടുത്തിയത്. പരിക്കു മാറിയെത്തിയ ഹാമിസ് റോഡ്രിഗസ് സൈഡ് ബെഞ്ചിലിരുന്നപ്പോള്‍ മുന്നേറ്റത്തില്‍ ഫാല്‍ക്കാവോയും തൊട്ടുപിന്നില്‍ ക്വഡ്രാഡോ, ക്വിന്റേറോ, ഇക്കേര്‍ഡോ എന്നിവരുമടങ്ങുന്ന നാലംഗ ആക്രമണനിര. അവര്‍ക്കു പിന്നില്‍ പ്രതിരോധത്തിനും ആക്രമണത്തിനുമിടയിലെ കണ്ണികളായി കാര്‍ലോസ് സാഞ്ചസും ലെര്‍മയും. നാല് പ്രതിരോധക്കാര്‍. ഹാമിസിന്റെ അഭാവത്തില്‍ വലതു വിങില്‍ ക്വഡ്രാഡോക്കായിരുന്നു ആക്രമണം നയിക്കാനുള്ള ചുമതല. ഗോള്‍മുഖം റെയ്ഡ് ചെയ്യുന്ന അറ്റാക്കിങ് മിഡ്ഫീല്‍ഡറായും ഫീഡറായുമുള്ള ഇരട്ട റോളില്‍ ക്വഡ്രാഡോ തിളങ്ങിയപ്പോള്‍ കൊളംബിയക്ക് പറക്കുന്ന തുടക്കമാണ് ലഭിച്ചത്.

പക്ഷേ, മൂന്നാം മിനുട്ടില്‍ എല്ലാം തകിടം മറിഞ്ഞു. ജപ്പാന്റെ മിന്നലാക്രമണത്തില്‍ ഗോളിലേക്ക് പോവുകയായിരുന്ന പന്തില്‍ കൈവെച്ച് കാര്‍ലോസ് സാഞ്ചസ് ചുവപ്പുകാര്‍ഡും കൊളംബിയ പെനാല്‍ട്ടിയും വഴങ്ങിയതോടെ ജപ്പാന് അപ്രതീക്ഷിത ലീഡ്. ഗോള്‍ വഴങ്ങിയത് കൊളംബിയയുടെ വീര്യം കൂട്ടിയതേയുള്ളൂ. ക്വഡ്രാഡോയ്ക്ക് അധിക ചിറകുമുളച്ചതായി തോന്നിച്ചപ്പോള്‍ കളത്തില്‍ കൊളംബിയക്കാര്‍ മാത്രമേ ഉള്ളൂ എന്നു തോന്നി. പക്ഷേ, യോഷിദയും ഷോജിയും നയിച്ച ഡിഫന്‍സിനു പുറമെ ഹസിബിയും ഷിബാസാകിയും കൂടി പിന്നിലേക്കു വന്നതോടെ ഗോള്‍മുഖം പ്രതിരോധിക്കാന്‍ ജപ്പാന് കഴിഞ്ഞു. കൊളംബിയ കളിക്കുന്നു, ജപ്പാന്‍ തടുക്കുന്നു എന്നതായി സ്ഥിതി.

അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മത്സരഗതി മാറ്റിമറിച്ച പെക്കര്‍മാന്റെ ടാക്ടിക്കല്‍ ചെയ്ഞ്ച് വന്നു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ വില്‍മര്‍ ബാരിയോസ് വാംഅപ്പ് ചെയ്യുമ്പോള്‍ ഞാന്‍ കരുതിയത് അതുവരെ കാര്യമായ റോളൊന്നുമില്ലെന്ന് തോന്നിച്ച ക്വിന്റേറോയെ പിന്‍വലിക്കുമെന്നതായിരുന്നു. കമന്റേറ്ററും അത് പറഞ്ഞപ്പോള്‍ എനിക്ക് സ്വയം മതിപ്പുതോന്നി. ആക്രമണം മോശമില്ലാതെ നടക്കുമ്പോള്‍ ഒരു അറ്റാക്കറെ പിന്‍വലിച്ച് പ്രതിരോധ മനസ്ഥിതിക്കാരനെ ഇറക്കുന്നതു മാത്രം കല്ലുകടിയായി അനുഭവപ്പെടുകയും ചെയ്തു.

എന്നാല്‍, കളത്തില്‍നിന്നു കയറിയത് ക്വഡ്രാഡോ ആണ്. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയ സമയം. ബാരിയോസ് ഇടപെട്ട ആദ്യനീക്കത്തില്‍ തന്നെ കൊളംബിയന്‍ ഗോള്‍മുഖത്ത് ഒരു ആശങ്കാനിമിഷം സൃഷ്ടിക്കപ്പെട്ടപ്പോള്‍ എന്റെ വിലയിരുത്തല്‍ സാധൂകരിക്കപ്പെടുന്നതായും തോന്നി. പക്ഷേ, പതിറ്റാണ്ടുകളുടെ കോച്ചിങ് പരിചയമുള്ള പെക്കര്‍മാനെവിടെ, കളി കണ്ട് അന്തംവിട്ടിരിക്കുന്ന നമ്മളെവിടെ? നിമിഷങ്ങള്‍ക്കുള്ളില്‍ കളിയുടെ ഗതിതന്നെ മാറി. അതുവരെ വലതുവിങില്‍ കേന്ദ്രീകരിക്കപ്പെട്ടിരുന്ന ആക്രമണം മധ്യത്തിലേക്കു വന്ന് ഇരുവശങ്ങളിലേക്കും പരക്കാന്‍ തുടങ്ങി. അതുവരെ നിശ്ശബ്ദനായിരുന്ന ക്വിന്റേറോ മുന്നോട്ടുകയറി ചരടുവലിക്കാന്‍ തുടങ്ങിയതോടെ ഫാല്‍ക്കാവോയും ഇക്വീര്‍ഡോയും ഉണര്‍ന്നു. ഒപ്പം ഇടതുവിങ് ബാക്ക് മൊഹിക്ക കയറിക്കളിക്കുക കൂടി ചെയ്തതോടെ ക്വഡ്രാഡോ പോയതും വില്‍മര്‍ വന്നതും നന്നായി എന്ന് തിരിച്ചറിഞ്ഞു. ഒരാളുടെ കുറവ് കൊളംബിയ പൂര്‍ണമായി പരിഹരിച്ചെന്നു തോന്നിച്ച നിമിഷങ്ങള്‍.

റഫറിയുടെ തെറ്റായ തീരുമാനമായിരുന്നു ബോക്സിനു തൊട്ടുപുറത്ത് കൊളംബിയക്ക് ഫ്രീകിക്ക് അനുവദിച്ച നീക്കം. അതിലേക്കു നയിച്ച ഫൗളിന് മുന്‍കൈയെടുത്തത് ഫാല്‍ക്കാവോ ആയിരുന്നു. എങ്കിലും ക്വിന്റേറോയുടെ ഗോളിന്റെ തനിമ അതുകൊണ്ട് ഇല്ലാതാവുന്നില്ല. 25-കാരനായ റിവര്‍പ്ലേറ്റ് താരത്തിന്റെ മനഃസാന്നിധ്യത്തോടെയുള്ള ഗ്രൗണ്ടര്‍ കിക്ക്, ജപ്പാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകളഞ്ഞു. ഉയര്‍ന്നുചാടിയ കളിക്കാരുടെ പാദങ്ങള്‍ക്കടിയിലൂടെ പന്ത് പോസ്റ്റിലേക്ക് നിരങ്ങിവന്നപ്പോള്‍ ഗോള്‍കീപ്പര്‍ കവാഷിമയുടെ ഡൈവ് വിഫലമായി. പന്ത് വരകടന്നില്ലെന്ന് അയാള്‍ വാദിച്ചെങ്കിലും കൊളംബിയ ആഘോഷം തുടങ്ങിയിരുന്നു.

ഇടവേളക്കു ശേഷം പക്ഷേ, ജപ്പാന്‍ കോച്ച് അകിറ നിഷിനോ പെക്കര്‍മാനെ കടന്നുചിന്തിച്ചു. മൈതാനത്ത് തങ്ങള്‍ക്ക് അധികമുള്ള ഒരംഗത്തെ സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു അയാള്‍. മിഡ്ഫീല്‍ഡില്‍ കളി കേന്ദ്രീകരിക്കുകയും വലത്-ഇടത് വിങ്ങുകളിലൂടെ പന്ത് മുന്നോട്ട് കൊണ്ടുപോവുകയും ചെയ്ത ജപ്പാന്‍കാര്‍ കൊളംബിയക്കാര്‍ക്ക് നില്‍ക്കപ്പൊറുതി കൊടുത്തില്ല. നാലംഗ ഡിഫന്‍സില്‍ നിന്ന് ഒരാള്‍ എപ്പോഴും മുന്നോട്ടു കയറിക്കളിച്ചതോടെ കൊളംബിയക്ക് ഒരാളുടെ കുറവ് ശരിക്കും അനുഭവപ്പെട്ടു. ഫുള്‍ബാക്ക് യോഷിദയും ഇടതു വിങ്ബാക്ക് നഗാമോട്ടോയുമാണ് കൂടുതല്‍ അപകടം സൃഷ്ടിച്ച് മുന്നോട്ടു കയറിയത്. താളം കണ്ടെത്തിയ കാഗവ-ഷിബാസാകി-ഹസിബി ത്രയത്തിന് ഡിഫന്‍സില്‍ നിന്നുള്ള സഹായം കൂടി വന്നതോടെ ഏതു നിമിഷവും ജപ്പാന്‍ ഗോളടിക്കാമെന്ന അവസ്ഥയായി.

ഹാമിസ് റോഡ്രിഗസിനെയും കളത്തിലിറക്കാനുള്ള പെക്കര്‍മാന്റെ തീരുമാനം പാളുന്നതാണ് പിന്നെ കണ്ടത്. നന്നായി കളിച്ചുകൊണ്ടിരുന്ന ക്വിന്റേറോയെ പിന്‍വലിച്ചാണ് ഈയിടെ മാത്രം പരിക്കുമാറിയെത്തിയ ഹാമിസിനെ കൊണ്ടുവന്നത്. ഒരു ഫ്രീകിക്ക് സമ്പാദിച്ചതും രണ്ട് ഹൈബോളുകളില്‍ കാല്‍വെച്ച് ഗോളിയുടെ കൈകളിലെത്തിച്ചതുമൊഴിച്ചാല്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന ഫാല്‍ക്കാവോ ഉഴന്നു നടക്കുമ്പോഴാണ് ക്വിന്റേറോക്ക് കയറേണ്ടി വന്നത്. തൊട്ടുപിന്നാലെ ഇക്വിര്‍ഡോക്ക് പകരം കാര്‍ലോസ് ബാക്കയും വന്നു. അതിനു പിന്നാലെ ജപ്പാന്റെ ഗോളും. 73-ാം മിനുട്ടില്‍ ഒസാകോയുടെ ഹെഡ്ഡര്‍ തന്റെ ടീമിന്റെ വലയില്‍ കയറിയപ്പോഴുള്ള പെക്കര്‍മാന്റെ പ്രതികരണത്തില്‍ നിന്നു തന്നെ മനസ്സിലാക്കാമായിരുന്നു ഈ മത്സരത്തില്‍ അയാള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന്.

പിന്നീടുള്ള 22 മിനുട്ട് കൊളംബിയ ആക്രമിച്ചു നോക്കിയെങ്കിലും കളി ജപ്പാന്‍ വരുതിയിലാക്കിയിരുന്നു. മധ്യനിരയില്‍ ക്വിന്റേറോ ഒഴിച്ചിട്ട ശൂന്യത വെളിവായിക്കണ്ടു. ചകിതനായ ഹാമിസ് നല്ലസമയത്തുള്ള തന്റെതന്നെ നിഴല്‍ മാത്രമായിരുന്നു. മികച്ച അവസരങ്ങള്‍ തുലച്ച് ബാക്ക കോച്ചിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുകയും ചെയ്തു. അന്തിമ വിസില്‍ മുഴങ്ങിയപ്പോള്‍ ലോകകപ്പ് ചരിത്രത്തിലാദ്യമായി ഒരു ലാറ്റിനമേരിക്കന്‍ ടീമിനു മേല്‍ ഏഷ്യന്‍ ടീമിന്റെ വിജയം. അതും കുതന്ത്രങ്ങളും കുരുട്ടുനീക്കങ്ങളുമില്ലാതെ മനോഹരമായിത്തന്നെ കളിച്ച്. ഒരംഗത്തിന്റെ അധികസാന്നിധ്യം ജപ്പാന്‍കാര്‍ തിരിച്ചറിഞ്ഞത് രണ്ടാം പകുതിയില്‍ മാത്രമായിരുന്നു. അതിനു മുമ്പ് രണ്ടാം ഗോള്‍ നേടാന്‍ കഴിഞ്ഞില്ല എന്നതാണ് കൊളംബിയയുടെ പരാജയത്തിനു പ്രധാന കാരണം.

കൊളംബിയ ലോകകപ്പില്‍ നിന്ന് പുറത്തായിട്ടില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം. പക്ഷേ, ജപ്പാനെതിരെ അവര്‍ ജയം ലക്ഷ്യമിട്ടിരുന്നു. ആ റെഡ്കാര്‍ഡ് ഇല്ലായിരുന്നെങ്കില്‍ അവര്‍ ലക്ഷ്യം കാണുകയും ചെയ്തേനെ. പോളണ്ടും സെനഗലും പോരാളികളാണ്. അതുകൊണ്ട് ഗ്രൂപ്പില്‍ എന്തും സംഭവിക്കാം.

chandrika: