കോയമ്പത്തൂര്‍: പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ദമ്പതികള്‍ പിടിയിലായി. കൊവിഡ് കാലത്തെ പ്രത്യേക വിമാന സര്‍വീസായ വന്ദേ ഭാരത് ഫ്ളൈറ്റില്‍ ദുബായില്‍ നിന്ന് എത്തിയ ദമ്പതികളാണ് പിടിയിലായത്. വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇരുവരേയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. 1.15 കോടി രൂപയുടെ സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) വ്യക്തമാക്കി.
വിശദമായ പരിശോധനയില്‍ അടിവസ്ത്രങ്ങളോട് തുന്നിച്ചേര്‍ത്ത നിലയില്‍ ഏതാനും പേസ്റ്റ് പാക്കറ്റുകള്‍ കണ്ടെക്കുകയായിരുന്നു. ഇവയില്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി നിറച്ച നിലയിലായിരുന്നു. സീല്‍ ചെയ്ത പാക്കുകളിലായി 2.61 കിലോ സ്വര്‍ണംമാണ് പിടിച്ചെടുത്തത്. പിടിയിലായ പ്രതികള്‍ നിലവില്‍ ക്വറന്റൈനിലാണെന്നും ഇതിന്റെ സമയം അവസാനിച്ചാല്‍ മറ്റ് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.