തന്റെ ആരാധകനായ രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കന്നഡ നടൻ ദർശന് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ അനധികൃതമായി സുഖസൗകര്യങ്ങൾ ലഭിക്കുന്നതായി ആരോപണം.
സംഭവത്തിൽ ജയിലിലെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ജയിലർ ഉൾപ്പടെയുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്. ജയിലിൽ ദർശന് ബെഡ് ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ദർശനെ ജയിൽ മാറ്റാനാണ് സാധ്യത.
ഇതേ കേസിൽ അറസ്റ്റിലായ മാനേജർ നാഗരാജ്, ഗുണ്ടാ നേതാവ് വിൽസൻ ഗാർഡൻ നാഗ എന്നിവർക്കൊപ്പം ദർശൻ പുകവലിച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം. ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെയാണ് നടനും കൂട്ടാളികളും കൊലപ്പെടുത്തിയത്. ജൂൺ 22 മുതൽ ദർശൻ ജയിലിലാണ്.
വീഡിയോ കോൾ ചെയ്ത് സുഹൃത്തുക്കളുമായി സംസാരിക്കുന്നതും ജയിൽ വളപ്പിൽ കൂട്ട് പ്രതികൾക്കൊപ്പമിരുന്ന് ചായകുടിക്കുന്നതും പുക വലിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആരാധകനായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായ ദർശൻ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. ജയിലിൽ വീട്ടിലെ ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കണമെന്ന ദർശന്റെ ഹർജി ജയിൽ അധികൃതർ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ദർശന് വിവിഐപി പരിഗണന കിട്ടുന്ന ദൃശ്യങ്ങൾ പുറത്തായത്.