തിരുവനന്തപുരം: സൈബര്‍ സുരക്ഷ വിഷയത്തില്‍ കേരള പൊലീസിന്റെ പേരില്‍ സംഘടിപ്പിച്ച കൊക്കൂണ്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ വന്‍ക്രമക്കേടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. 2016ല്‍ കൊല്ലത്ത് നടന്ന കൊക്കൂണ്‍ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സിന്റെ നടത്തിപ്പില്‍ ധൂര്‍ത്തും പാഴ്ച്ചെലവുമുണ്ടായതായി തിരുവനന്തപുരം വിജിലന്‍സ്(ഇന്റലിജന്‍സ്) എസ്.പി, വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നവംബറില്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. വിവരാവകാശനിയമ പ്രകാരം ലഭിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആഗസ്റ്റ് 18, 19 തിയതികളിലായി കൊല്ലത്തെ നക്ഷത്ര റിസോര്‍ട്ടിലാണ് സംസ്ഥാന പൊലീസിന്റെ പേരില്‍ സംഘടിപ്പിച്ച സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സ് നടന്നത്. 400 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് സര്‍ക്കാര്‍ വക ഹോട്ടല്‍ ഉണ്ടായിരുന്നിട്ടും കൊല്ലത്ത് സമ്മേളനം നടത്തിയത് ധൂര്‍ത്താണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പണം കൈക്കലാക്കാന്‍ ലക്ഷ്യമിട്ട് മാത്രമാണ് ഈ നീക്കം നടന്നതെന്നാണ് ആരോപണം. 2,97,500 രൂപ മുടക്കിയാണ് 85 മുറികള്‍ ബുക്ക് ചെയ്തത്. പൊലീസ് വാഹനങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരത്ത് സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ മസ്‌കറ്റ് ഹോട്ടലും കോവളത്ത് സമുദ്രയും ഉള്ളപ്പോഴാണ് കൊല്ലത്തെ സ്വകാര്യ നക്ഷത്രഹോട്ടലില്‍ സമ്മേളനം നടത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലാണ് അതിഥികളും വിശിഷ്ട വ്യക്തികളും എത്തിയതെന്നിരിക്കെ ഇവരുടെ യാത്രാച്ചെലവിന് മാത്രം ലക്ഷങ്ങള്‍ വേണ്ടിവന്നു.
സമ്മേളന നടത്തിപ്പില്‍ ക്രമക്കേടുണ്ടായെന്ന ആക്ഷേപത്തെത്തുടര്‍ന്നാണ് വിജിലന്‍സ് ഡയരക്ടര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ഏതാനും സര്‍ക്കാരിതര സംഘടനകളുടെ സഹായത്തോടെ നടന്ന സമ്മേളനം സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക പരിപാടിയായിരുന്നില്ലെന്ന ആരോപണവും വിജിലന്‍സ് അന്വേഷിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് പൊലീസിലെ ചില ഉന്നതര്‍ തന്നെ സമ്മേളനം നടത്തിപ്പിനെക്കുറിച്ചു രേഖാമൂലം പരാതി നല്‍കിയിരുന്നു. ഹൈടെക് സെല്‍ ഡിവൈ.എസ്.പി അവതാരകയെ കടന്നുപിടിച്ചു സംഭവത്തെ തുടര്‍ന്ന് വിവാദത്തിലായിരുന്നു കൊക്കൂണ്‍ സമ്മേളനം നടന്നത്. കൊല്ലത്തെ പരിപാടിയിലെ ക്രമക്കേടുകളെ പറ്റി വിജിലന്‍സിന് പരാതി നല്‍കിയത് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ആയിരുന്നു. ഹോട്ടലില്‍ നടന്നത് അനധികൃത മദ്യസല്‍ക്കാരമാണെന്നു ഋഷിരാജ് സിംഗ് ചൂണ്ടിക്കാട്ടിയത്. പരിപാടിക്ക് ഇത്രയേറെ ഫണ്ട് എങ്ങനെ കിട്ടിയെന്നതും പരിശോധനക്ക് വിധേയമാക്കിയിരുന്നു. കൊക്കൂണ്‍ ഔദ്യോഗിക പരിപാടിയെന്ന് തെറ്റിധാരണയുണ്ടാക്കും വിധമാണ് ഗവര്‍ണറെ ചടങ്ങിനെത്തിച്ചത്. പൊലീസുദ്യോഗസ്ഥര്‍ക്ക് പരിശീലനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ കോടികളുടെ ഫണ്ട് സമ്മേളനത്തിനായി ധൂര്‍ത്തടിച്ചു.
ഏതാനും ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചതൊഴിച്ച് ഒരു സൈബര്‍ സുരക്ഷാ പരിശീലനവും സമ്മേളനത്തിലുണ്ടായില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. മനോജ് എബ്രഹാമായിരുന്നു സംഘാടക സമിതി ചെയര്‍മാന്‍. ഐ.ടി കമ്പനികളുടെ ഒത്തുചേരലിനും കച്ചവടത്തിനുമായി അവസരം ഉണ്ടാക്കല്‍ മാത്രമായിരുന്നു സമ്മേളനമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.