തിരുവനന്തപുരം: സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് തുടത്തിയ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് പദ്ധതി കൊക്കോണിക്‌സ് മൂലം കെല്‍ട്രോണിന് നഷ്ടപ്പെട്ടത് 2.25 ഏക്കര്‍ ഭൂമി. ലാപ്‌ടോപ്പ് നിര്‍മ്മിക്കാന്‍ സഹായിക്കാമെന്നേറ്റ സ്വകാര്യ കമ്പനിയുടെ കയ്യിലാണ് ദശകോടികള്‍ മതിക്കുന്ന ഭൂമി ചെന്നുപെട്ടത്. ജനുവരിയില്‍ പുറത്തിറക്കിയ ലാപ്‌ടോപ്പ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.
പ്രതിവര്‍ഷം ഒരു ലക്ഷം എന്ന കണക്കില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ലാപ്‌ടോപ്പ് വാങ്ങേണ്ടി വരുമെന്ന കണക്കുകളുടെ അടിസ്ഥാാനത്തിലായിരുന്നു പദ്ധതി. ഇതിന് യുഎസ്ടി ഗ്ലോബല്‍ എന്ന സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ കെല്‍ട്രോണ്‍, കെഎസ്‌ഐഡിസി എന്നിവരും സ്റ്റാര്‍ട്ടപ്പ് ക്മ്പനിയും ചേര്‍ന്ന് സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ രൂപവല്‍ക്കരിച്ചിരുന്നു. പൂര്‍ണ്ണമായും യുഎസ്ടി ഗ്ലോബലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാാപനത്തിനായി മണ്‍വിളയിലെ കെല്‍ട്രോണിന്റെ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് നിര്‍മ്മാണശാലയും 2.25 ഏക്കര്‍ സ്ഥലവുമാണ് കൈമാറിയത്. കെട്ടിടങ്ങള്‍ കോടിക്കണക്കിന് രൂപ വായ്പ്പയെടുത്ത് നവീകരിച്ച ശേഷമാണ് കൈമാറിയത്. മാസം നിശ്ചിത തുക കെല്‍ട്രോണിന് വാടകയായി നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും വീഴ്ച്ച വന്നിട്ടുണ്ട്.
പദ്ധതിക്കായി സര്‍ക്കാര്‍ ഗാരന്റിയില്‍ കോടിക്കണക്കിന് രൂപ കെഎസ്‌ഐഡിസിയും സ്വകാര്യ കമ്പനിക്ക് കൈമാറിയിരുന്നു. എന്നാല്‍ വിപണിയിലിറക്കി ഏഴുമാസം കഴിഞ്ഞിട്ടും ലാപ്‌ടോപ്പ് ലഭ്യമാവുന്നില്ല. സ്‌കൂളിലേക്കടക്കം കമ്പ്യൂടട്ടര്‍ നല്‍കിയെങ്കിലും മഹാഭൂരിപക്ഷവും മറ്റു കമ്പനികളുടേതായിരുന്നു. കെല്‍ട്രോണ്‍ ജീവനക്കാര്‍ക്കിടയില്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ചെങ്കിലും കൊക്കോണിക്‌സിനൊപ്പം വില്‍പ്പനക്കുവെച്ച ലെനോവ ലാപ്‌ടോപ്പാണ് ഭൂരിപക്ഷം ആലുകളും വാങ്ങിയത്. സമാനശേഷിയുള്ള കമ്പ്യൂട്ടറുകളേക്കാള്‍ വിലയായതും വിനയായി.
പ്രതിവര്‍ഷം 2.5 ലക്ഷം ലാപ്‌ടോപ്പ് നിര്‍മ്മിക്കാനുള്ള ശേഷിയിലാണ് കെല്‍ട്രോണിന്റെ സ്ഥലം നവീകരിച്ചത്. മുന്‍ ഐടിസെക്രട്ടറി ശിവശങ്കറിന്റെ സ്വപ്‌നമായി അവതരിപ്പിച്ച പദ്ധതി വിശദീകരിക്കാന്‍ വിളിച്ച തൊഴിലാളി യൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ ഇന്ത്യയില്‍ ആദ്യമായി ചിപ്പ് അസംബ്ലി അടക്കം സൗകര്യങ്ങളോടെയുള്ള നിര്‍മ്മാണമാണ് മണ്‍വിളയില്‍ നടത്തുക എന്നറിയിച്ചിരുന്നു. എന്നാല്‍ ചൈനയില്‍ നിന്ന് ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് കൂ്ട്ടിച്ചേര്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കെല്‍ട്രോണിലെ സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂട്ടുസംരംഭമാണെങ്കിലും കെല്‍ട്രോണില്‍ നിന്ന് ഒരാളെപ്പോലും കൊക്കോണിക്‌സിലേക്ക് നിയോഗിച്ചിട്ടില്ല. കമ്പ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ കെല്‍ട്രോണിന് ശേഷിയുണ്ടെന്നിരിക്കെ എന്തിന് സ്വകാര്യ കമ്പനിയെ കൂട്ടുപിടിച്ചെന്ന ചോദ്യവും ഉയരന്നുണ്ട്.