കൊച്ചി: യു.പിയിലെ വാരണസിയില്‍ നടപ്പാക്കുന്ന മാര്‍ഗ് വികാസ് പ്രൊജക്ട് 2ന്റെ ഭാഗമായി കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബോട്ടുകളും ഇലക്ട്രിക് ഹൈ ബ്രിഡ് ബോട്ടുകളും നിര്‍മ്മിച്ച് നല്‍കുന്നു. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ വാട്ടേഴ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐ ഡബ്ലിയു എ ഐ ) യും കൊച്ചി കപ്പല്‍ ശാലയും തമ്മില്‍ വാരണസിയില്‍ നടന്ന ജലപാത ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച ധാരണ പത്രത്തില്‍ ഒപ്പുവെച്ചു.
ഉള്‍നാടന്‍ ജലഗതാഗതം ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഐ ഡബ്ല്യു എ ഐ ഗംഗ നദിക്കരയില്‍ 250 കിലോമീറ്റര്‍ ദൂരത്തിലുള്ള 62 ചെറിയ കമ്മ്യുണിറ്റി ജെട്ടികളുടെ വികസനവും നവീകരണവും നടത്തുന്നതിനൊപ്പമാണ് ഒരു സീറോ എമിഷന്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വെസലും നാല് ഇലക്ട്രിക് ഹൈ ബ്രിഡ് ബോട്ടുകളും വാങ്ങുന്നത്.