ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കല്‍ക്കരി ക്ഷാമം രൂക്ഷമാകുന്നു. കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ വൈദ്യുതി ലഭ്യതയ്ക്ക് കുറവുണ്ട്. വോള്‍ട്ടേജ് കുറച്ച് വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനാണ് കേരളത്തിന്റെ ശ്രമം. കനത്ത ചൂട് കാരണം വൈദ്യുതി ഉപയോഗം രാജ്യത്താകമാനം ഉയര്‍ന്നിട്ടുണ്ട്. കോവിഡിന് ശേഷം വ്യവസായ മേഖലയും വിപണിയും ഉണര്‍ന്നതും വൈദ്യുതിയുടെ ആവശ്യം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
അതേസമയം കല്‍ക്കരി ലഭ്യത കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം. 623 മില്യണ്‍ യൂണിറ്റ് വൈദ്യതിയുടെ കുറവാണ് കഴിഞ്ഞ ആഴ്ച മാത്രം രാജ്യത്തുണ്ടായത്. രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങി ഒന്‍പത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി നിയന്ത്രണം ആരംഭിച്ചു. പല സംസ്ഥാനങ്ങളിലും അപ്രഖ്യാപിത പവര്‍കട്ട് ഏഴു മണിക്കൂറോളം നീണ്ടു നില്‍ക്കുന്നുണ്ട്. രാജ്യത്ത് താപവൈദ്യുത നിലയങ്ങളില്‍ തുടര്‍ന്നുവരുന്ന കല്‍ക്കരി ക്ഷാമം, വരാനിരിക്കുന്ന വന്‍ വൈദ്യുതി പ്രതിസന്ധിയുടെ സൂചനയാണെന്ന് ഓള്‍ ഇന്ത്യ പവര്‍ എഞ്ചിനീയര്‍സ് ഫെഡറേഷന്‍ ആരോപിച്ചു.
സംസ്ഥാനങ്ങളിലെല്ലാം വൈദ്യുതി ഉപയോഗം വര്‍ധിച്ചതോടെ പല താപവൈദ്യുത നിലയങ്ങളും കല്‍ക്കരി ക്ഷാമം നേരിടുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. കല്‍ക്കരി ഇല്ലാതായതോടെ വൈദ്യുതി ഉല്‍പാദനം കുറഞ്ഞു. ഇതോടെ ആവശ്യത്തിന് വൈദ്യുതി കിട്ടാനില്ലാത്ത സ്ഥിതിയിലാണ് പല സംസ്ഥാനങ്ങളും ഉള്ളതെന്നും ഫെഡറേഷന്‍ പറയുന്നു.
ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യം വലിയ വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഫെഡറേഷന്‍ വക്താവ് എകെ ഗുപ്ത പറഞ്ഞു. രാജ്യത്ത് 54 താപവൈദ്യുത നിലയങ്ങളില്‍ 28 എണ്ണത്തിലും കല്‍ക്കരി ക്ഷാമം അതീവ ഗുരുതരാവസ്ഥയില്‍ ആണെന്ന് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു. വടക്കന്‍ മേഖലയില്‍ രാജസ്ഥാനും ഉത്തര്‍പ്രദേശും ആണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയില്‍ ഉള്ള സംസ്ഥാനങ്ങള്‍. പഞ്ചാബിലെ രാജ്പുര താപ വൈദ്യുത നിലയത്തിലെ അസംസ്‌കൃത കല്‍ക്കരി സ്റ്റോക്ക് 17 ദിവസത്തേക്ക് മാത്രമേയുള്ളൂ.
ഇവിടെത്തന്നെ താല്‍വണ്ടി സബോ താപവൈദ്യുത നിലയത്തില്‍ നാല് ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് സ്റ്റോക്ക് ഉള്ളത്. പഞ്ചാബിലെ ജിവികെ തെര്‍മല്‍ പ്ലാന്റ് ആവശ്യത്തിന് കല്‍ക്കരി ഇല്ലാതെ പ്രവര്‍ത്തനം നിര്‍ത്തി. കേരളത്തില്‍ പ്രതിദിനം 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. താപവൈദ്യുത നിലയങ്ങളുമായുള്ള കരാര്‍ പ്രകാരം ലഭിക്കേണ്ട വൈദ്യുതിയില്‍ 78 മെഗാവാട്ടിന്റെ കുറവുമുണ്ടായി. ഈ കുറവ് പരിഹരിക്കാന്‍ വൈദ്യുതി ഉപയോഗം കുറയ്ക്കുകയാണ് പ്രധാന പോംവഴി. അതിനായി ചില സമയങ്ങളില്‍ വോള്‍ട്ടേജ് കുറച്ച് 120 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.