X

ക്യാപ്റ്റന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി വനിതാ പൈലറ്റ് കോടതിയില്‍; വിമാനക്കമ്പനി നടപടി സ്വീകരിച്ചില്ല

സിയാറ്റില്‍: ക്യാപ്റ്റന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നല്‍കിയിട്ടും വിമാനക്കമ്പനി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആരോപണവുമായി വനിതാ പൈലറ്റ്. അലാസ്‌ക എയര്‍ലൈന്‍സ് സഹപൈലറ്റ് ബെറ്റി പിനയാണു കമ്പനിക്കെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബെറ്റിയെ ക്യാപ്റ്റന്‍ പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഭവശേഷം കമ്പനിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ കമ്പനി ക്യാപ്റ്റനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ബെറ്റി പറയുന്നു. ഇതേ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. മയക്കുമരുന്നു നല്‍കി ബോധം കെടുത്തിയശേഷം ലൈംഗികമായി പീഡിപ്പിക്കാന്‍ എയര്‍ലൈന്‍സ് കമ്പനി അനുവദിച്ചെന്ന് ആരോപിച്ചാണ് പരാതി.


ജൂണ്‍ നാലിനായിരുന്നു ക്യാപ്റ്റനൊപ്പമുള്ള യാത്ര. മിനിയപൊലിസിലെ ഒരു ഹോട്ടലില്‍ യാത്രയ്ക്കു മുന്നോടിയായി തങ്ങിയപ്പോഴായിരുന്നു സംഭവം. മൂന്നു ദിവസത്തെ യാത്രയുടെ ഭാഗമായിട്ടായിരുന്നു യുവതി ക്യാപ്റ്റനൊപ്പം പോയത്. എന്നാല്‍ യാത്ര പോകും മുമ്പ് ഹോട്ടലില്‍ വച്ച് വൈനില്‍ മയക്കുമരുന്നു കലര്‍ത്തി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ യുവതി പറയുന്നത്. ക്യാപ്റ്റന്‍ ഇപ്പോഴും അലാസ്‌ക എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്നതായും ബെറ്റി പറയുന്നു. ഇയാള്‍ എത്ര പേരെ പീഡിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമല്ല. അവരില്‍ താന്‍ അവസാനത്തെയാളായിരിക്കണമെന്ന ആഗ്രഹത്താലാണു പരാതി നല്‍കുന്നതെന്നും ബെറ്റി പറഞ്ഞു.
പീഡിപ്പിക്കപ്പെട്ടതിനു പിന്നാലെ യൂണിയന്‍ പ്രതിനിധിക്കും മനുഷ്യവിഭവശേഷി മന്ത്രാലയത്തിനും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്നു ബെറ്റി ശമ്പളത്തോടു കൂടിയുള്ള അവധിയിലും പ്രവേശിച്ചു. അതേസമയം ക്യാപ്റ്റനെതിരെ പരാതി ലഭിച്ചതായും അന്വേഷണം നടക്കുകയാണെന്നും അലാസ്‌ക എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. അലാസ്‌ക എയര്‍ലൈന്‍സില്‍ നിന്ന് രാജി വയ്ക്കാതെയാണു ബെറ്റിയുടെ നിയമപോരാട്ടം.

chandrika: