എ.കെ. മുഹമ്മദലി
ചൂഷകവര്‍ഗത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന് സാധാരണക്കാരന് മോചനമേകാന്‍ രൂപം കൊണ്ട സഹകരണ പ്രസ്ഥാനം ഇന്ന് ജീവിതത്തിന്റെ നിഖില മേഖലകളിലും സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. 1844 ല്‍ ഇംഗ്ലണ്ടിലെ റോച്ച്‌ഡേല്‍ എന്ന പട്ടണത്തില്‍ നെയ്ത്ത് മേഖലയില്‍ ജോലിചെയ്തിരുന്ന 28 പേര്‍ ചേര്‍ന്ന് 28 പൗണ്ട് മൂലധനവുമായി ലോകത്തിലെ ആദ്യത്തെ സഹകരണ സ്ഥാപനത്തിന് രൂപം നല്‍കി. ലോകത്തിന് വികസനത്തിന്റെയും ജനകീയതയുടേയും സാമ്പത്തിക ശാസ്ത്രം തുറന്നുകൊടുത്ത ചാള്‍സ് ഹൊവാര്‍ത്ത് എന്ന തൊഴിലാളി യൂണിയന്‍ നേതാവും 28 പേരുമാണ് പില്‍ക്കാലത്ത് റോച്ച്‌ഡേല്‍ മാര്‍ഗദര്‍ശികള്‍ എന്ന പേരിലറിയപ്പെടുന്നത്. എന്നാല്‍ സഹകരണ കോളനി രൂപീകരിച്ച് സഹകരണ രംഗത്ത് ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തിയ റോബര്‍ട്ട് ഓവന്‍ ആണ് സഹകരണത്തിന്റെ പിതാവായി ഇന്നും അറിയപ്പെടുന്നത്.
ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനം രൂപം കൊള്ളുന്നത് സര്‍ക്കാര്‍ സഹായത്തോടെയാണ്. ആദ്യത്തെ സഹകരണ സംഘം നിയമം 1904 ല്‍ നിലവില്‍ വന്നതോടെയാണ് ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനത്തിന് തുടക്കമിടുന്നത്. പിന്നീട് വന്ന നിരവധി കമ്മിറ്റികളുടേയും കമ്മീഷനുകളുടേയും ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും കൈക്കൊണ്ട നടപടികളാണ് പ്രസ്ഥാനത്തിന്റെ ഇന്ന് കാണുന്ന വളര്‍ച്ചക്ക് കാരണമായിത്തീര്‍ന്നത്. ഇന്ന് ഇന്ത്യയില്‍ 5 ലക്ഷം സംഘങ്ങളിലായി 24 കോടി അംഗങ്ങളുണ്ട്. സഹകരണ മേഖലയിലെ മൊത്തം നിക്ഷേപം 2.5 ലക്ഷം കോടി രൂപയാണ്. രാജ്യത്തെ മൊത്തം പഞ്ചസാര ഉല്‍പ്പാദനത്തിന്റെ 55 ശതമാനവും രാസവളത്തിന്റെ 36 ശതമാനവും സഹകരണ മേഖലയുടെ സംഭാവനയാണ്.
കേരളത്തില്‍ സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത് 1913 ലെ തിരുകൊച്ചി സഹകരണ നിയമത്തോടെയാണ്. തുടര്‍ന്ന് 1914 ല്‍ തിരുവിതാംകൂര്‍ സഹകരണ നിയമവും 1932 ല്‍ മദ്രാസ് സഹകരണ നിയമവും പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചക്ക് കാരണമായി. ഐക്യകേരളപ്പിറവിക്ക് ശേഷം 1969 ലെ കേരള സഹകരണ നിയമം പ്രസ്ഥാനത്തിന്റെ വളര്‍ച്ച ത്വരിതഗതിയിലാക്കി. ഇന്ന് കേരളത്തില്‍ 1604 പ്രാഥമിക വായ്പാ സംഘങ്ങളും, കേരളാ ബാങ്കും, മലപ്പുറം ജില്ലാ സഹകരണ ബാങ്കും 59 അര്‍ബ്ബന്‍ ബാങ്കുകളും സംസ്ഥാന കാര്‍ഷിക വികസന ബാങ്കും പ്രാഥമിക കാര്‍ഷിക വികസന ബാങ്കുകളും, വനിതാ സഹകരണ സംഘങ്ങളും വായ്പാ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ ഇതര മേഖലകളിലായി പതിനയ്യായിരത്തിലധികം മറ്റു സംഘങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തിലെ സഹകരണ മേഖലയിലെ മൊത്തം നിക്ഷേപം 2.18 ലക്ഷം കോടി രൂപയാണ്. വായ്പാ ബാക്കി നില്‍പ്പ് 1.61 ലക്ഷം കോടി രൂപയും. സര്‍ക്കാര്‍ കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ സഹകരണ പ്രസ്ഥാനത്തില്‍ ഇന്ന് 1.5 ലക്ഷം ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ട്. കേരളത്തിലെ വായ്പാമേഖല രാജ്യത്തിന് മാതൃകയാണ്. രാജ്യത്തെ സഹകരണ മേഖലയിലെ മൊത്തം നിക്ഷേപത്തിന്റെ 67% ഉം കേരളത്തിന്റെ സംഭാവനയാണ്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ വളര്‍ച്ചയാണ് കേരളത്തിലെ സഹകരണ മേഖല കൈവരിച്ചിട്ടുള്ളത്. ഏറെ പരാധീനതകളുള്ള കയര്‍, കൈത്തറി, വനിത, പട്ടികജാതി/പട്ടികവര്‍ഗം, കണ്‍സ്യൂമര്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയ രംഗങ്ങളിലൊക്കെ പ്രതികൂലാവസ്ഥയിലും പിടിച്ചു നില്‍ക്കാന്‍ ഇവിടുത്തെ സഹകരണ സംഘങ്ങള്‍ക്കാവുന്നുണ്ട്. സഹകരണം ഒരു സംസ്ഥാന വിഷയമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പുതുതായി സഹകരണ മന്ത്രാലയം രൂപീകരിച്ച് സംസ്ഥാനങ്ങളുടെ അധികാരം കൈക്കലാക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ്. കൂടാതെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ അനുമതി നല്‍കുകയും അവയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ലാത്ത സാഹചര്യത്തില്‍ മിക്ക സംഘങ്ങളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള 97961 പ്രാഥമിക വായ്പാ സംഘങ്ങളില്‍ 1604 ഉം കേരളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ പ്രാഥമിക സംഘങ്ങളുടെ ശരാശരി നിക്ഷേപം ഒരു ലക്ഷം രൂപയാണെങ്കില്‍ കേരളത്തില്‍ അത് 50 കോടി രൂപയാണ്. പൊതുമേഖല, ന്യൂജനറേഷന്‍ ബാങ്കുകള്‍ നല്‍കുന്ന ഒട്ടുമിക്ക ഡിജിറ്റല്‍ സേവനങ്ങളും കേരളത്തിലെ ഭൂരിഭാഗം സര്‍വീസ് സഹകരണ ബാങ്കുകളും ഇന്ന് നല്‍കിവരുന്നുണ്ട്. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസില്‍ നേരിട്ട് പ്രവേശനമില്ലെങ്കിലും സബ്‌മെമ്പര്‍ഷിപ്പിലൂടെ ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി, ഐ.എം.പി.എസ് തുടങ്ങിയ സേവനങ്ങള്‍ ഇന്ന് നല്‍കിവരുന്നുണ്ട്. ഇതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്റെ ഭാഗമാവാന്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് കഴിയുന്നുണ്ട്. എന്നാല്‍ സംഘങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അനുകൂലമായ നിലപാടല്ല പല കാര്യങ്ങളിലും കേന്ദ്രസര്‍ക്കാറിന്റേയും റിസര്‍വ്വ് ബാങ്കിന്റേയും ആദായ നികുതി വകുപ്പിന്റെയും ഭാഗത്തു നിന്നുണ്ടാകുന്നത്. ആദായ നികുതി നിയമത്തിലെ 269എസ്.എസ്, 269എസ്.ടി, 269ടി എന്നീ വകുപ്പുകള്‍ സംഘങ്ങളിലെ പണമിടപാടിന് അനാവശ്യ നിയന്ത്രണം ഏര്‍പ്പെടുത്തുന്നവയാണ്.
സഹകരണ സ്ഥാപനങ്ങളുടെ ഇന്ന് കാണുന്ന വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ് ജീവനക്കാര്‍. ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് . ജീവനക്കാരുടെ അവകാശങ്ങള്‍ ഒന്നൊന്നായി നിഷേധിക്കുന്ന നിയമ ഭേദഗതികള്‍ ഉടന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.ഏഴ് വര്‍ഷത്തിലധികമായി ജോലിയില്‍ തുടരുന്ന സബ് – സ്റ്റാഫ് വിഭാഗത്തിലെ ജീവനക്കാര്‍ക്ക് സര്‍വീസിനിടയില്‍ ഒരിക്കല്‍ പോലും പ്രൊമോഷന്‍ ലഭിക്കാത്ത വിധം സഹകരണ ചട്ടം 185 (10) ല്‍ ഭേദഗതി വന്ന് കഴിഞ്ഞു. അസിസ്റ്റന്റ് സെക്രട്ടറി/മാനേജര്‍ തത്തുല്ല്യ തസ്തികകളിലേക്ക് പ്രൊമോഷന്‍ ലഭിക്കുന്നതിനായി സഹകരണ പരീക്ഷ ബോര്‍ഡ് നടത്തുന്ന യോഗ്യത നിര്‍ണയ പരീക്ഷക്ക് സേവന കാലത്തിനനുസൃതമായി ലഭിച്ചു വന്നിരുന്ന ഗ്രേയ്‌സ് മാര്‍ക്കും ചട്ടം 185 (5) ല്‍ വരുത്തിയ ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞു. സംഘം വളര്‍ച്ച പ്രാപിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ പ്രൊമോഷന്‍ സാധ്യത ശുഷ്‌കിക്കുന്ന വിധമാണ് ചട്ടത്തില്‍ പുതുതായി ഭേദഗതി വരുത്തിയിരിക്കുന്നത്. സഹകരണ ചട്ടം 185(2) ല്‍ ഈയിടെ വരുത്തിയ ഭേദഗതി പ്രകാരം അസിസ്റ്റന്റ് സെക്രട്ടറി /മാനേജര്‍ തത്തുല്ല്യ തസ്തികയിലെ പ്രൊമോഷന്‍ സംഘത്തിലെ നിക്ഷേപത്തിന് അനുസൃതമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. പുതിയ ഭേദഗതി പ്രകാരം മതിയായ വിദ്യാഭ്യാസ യോഗ്യത നേടി യോഗ്യത നിര്‍ണയ പരീക്ഷ വിജയിച്ചാലും അര്‍ഹതപ്പെട്ട പ്രൊമോഷന്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത് . 20 കോടി രൂപ വരെ നിക്ഷേപമുള്ള സംഘങ്ങളിലെ അസി: സെക്രട്ടറി / മാനേജര്‍ തത്തുല്യ തസ്തികകളിലേക്കുള്ള പ്രമോഷനും നേരിട്ടുള്ള നിയമനവും 3:1 , 20 കോടിക്ക് മുകളില്‍ 100 കോടി രൂപ വരെ നിക്ഷേപമുള്ള സംഘങ്ങളില്‍ 2:1 , 100 കോടി രൂപക്ക് മുകളില്‍ നിക്ഷേപമുള്ള സംഘങ്ങളില്‍ 1:1 എന്നീ അനുപാദത്തില്‍ നിജപ്പെടുത്തി യിരിക്കയാണ്. ജീവനക്കാരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി സംഘത്തിലെ നിക്ഷേപം 20 കോടിക്കും 100 കോടിക്കും മുകളിലേക്കുയരുമ്പോള്‍ ജീവനക്കാരുടെ ഉദ്യോഗക്കയറ്റ സാദ്ധ്യത കൂടുതല്‍ കൂടുതല്‍ താഴോട്ട് വരുന്ന വളരെ വിചിത്രമായ ചട്ടം ഭേദഗതിയാണ് സര്‍ക്കാര്‍ തിരക്കിട്ട് കൊണ്ട് വന്നിരിക്കുന്നത്.
ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ അനാരോഗ്യകരമായ ഇടപെടലിന്റെ ഫലമായി ചൂഷണ രഹിത സമ്പദ്‌വ്യവസ്ഥക്കായി നില കൊള്ളേണ്ട ഈ മഹല്‍ പ്രസ്ഥാനം ഇന്ന് സാമ്പത്തിക ക്രമക്കേടുകള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. നിക്ഷേപകര്‍ക്ക് തുക മടക്കി നല്‍കാന്‍ കഴിയാത്ത 164 സംഘങ്ങളുടെ പട്ടികയാണ് സഹകരണ മന്ത്രി കഴിഞ്ഞ സമ്മേളനത്തില്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. എന്നാല്‍ അവയില്‍ ഭൂരിഭാഗവും പ്രവര്‍ത്തന രഹിതമായ സംഘങ്ങളായിരുന്നു. അവയില്‍ തന്നെ പ്രാഥമിക വായ്പാ സംഘങ്ങള്‍ നാമമാത്രവും. തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ പോലെയുള്ള അപൂര്‍വ്വം സംഘങ്ങളില്‍ നടന്ന വ്യാപകമായ ക്രമക്കേടുകള്‍ പ്രസ്ഥാനത്തിന്റെ സല്‍പ്പേരിന് മങ്ങലേല്‍പ്പിച്ചു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. നവംബര്‍ 14 മുതല്‍ 20 വരെയുള്ള ഒരാഴ്ചക്കാലം നാം സഹകരണ വാരം ആഘോഷിക്കുകയാണ്. ‘ഇന്ത്യ @ 75 സഹകരണ സംഘങ്ങളുടെ വളര്‍ച്ചയും ഭാവിയും’ എന്നതാണ് 69-ാമത് സഹകരണ വാരാഘോഷത്തിന്റെ പ്രമേയം. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെന്നപോലെ സഹകരണ മേഖലയിലും കേരളം ലോകത്തിന് മാതൃകയാണ്. കേരളത്തിലെ സഹകരണ സംഘങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വസ്തുനിഷ്ടമായി പഠിച്ച് പരിഹാരം കാണുവാനും കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് കൂടുതല്‍ കരുത്താര്‍ജ്ജിക്കുവാനും ഭരണകൂടവും സഹകാരികളും ജീവനക്കാരും ഒന്നിച്ച് കൈകോര്‍ക്കേണ്ടതുണ്ട്. 69-ാമത് സഹകരണ വാരാഘോഷത്തിന് തുടക്കമാകുന്ന ഈ വേളയില്‍ അതിന്നായി നമുക്ക്പ്രതിജ്ഞ പുതുക്കാം.