X

പി.കെ ശശി ചെയര്‍മാനായ കോളജിന്റെ ഓഹരി വാങ്ങിയതില്‍ സഹകരണ ബാങ്കും

ചെര്‍പ്പുളശ്ശേരി: പി.കെ ശശി ചെയര്‍മാനായ മണ്ണാര്‍ക്കാട്ടെ കോളജിന്റെ ഓഹരി വാങ്ങിയതില്‍ ചെര്‍പ്പുളശ്ശേരി സര്‍വീസ് സഹകരന്ന ബാങ്കും ഉള്‍പെട്ടിട്ടുണ്ടെന്ന് ആരോപണം. സി.പി.എം ചെര്‍പ്പുളശ്ശേരി ഏരിയ സെക്രട്ടറി കെ.നന്ദകുമാര്‍ പ്രസിഡണ്ടായിരിക്കെ 2020-21ല്‍ കാല്‍കോടി രൂപ നല്‍കിയാണ് സര്‍വീസ് സഹകരന്ന ബാങ്ക് ഓഹരി വാങ്ങിയതെന്നാണ് ആരോപണം.

ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ പി.കെ ശശി പ്രതിരോധത്തിലായപ്പോള്‍ ചെര്‍പ്പുളശ്ശേരി മേഖലയില്‍ കൂടെ നിന്ന വ്യക്തിയാണ് കെ.നന്ദകുമാര്‍. പീഡന വിവാദ സമയത്ത് വലിയ സ്വീകരണമാണ് നന്ദകുമാറിന്റെ നേതൃത്വത്തില്‍ ചെര്‍പ്പുളശ്ശേരി ടൗണില്‍ നല്‍കിയിരുന്നത്. അതിന് പ്രത്യുപകാരമായാണ് കഴിഞ്ഞ ഏരിയ സമ്മേളനത്തില്‍ കെ.നന്ദകുമാറിനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് എത്തിച്ച് കമ്മിറ്റി തന്നെ പി.കെ ശശി പിടിച്ചെടുത്ത് നല്‍കിയത്. ഏരിയ കമ്മിറ്റിക്ക് പുറത്തുള്ള സ്ഥാപനത്തിന്റെ ഓഹരി വാങ്ങുനതിന് പാര്‍ട്ടി അനുമതി ലഭിക്കണമെന്നാണ് സി.പി.എം രീതി. എന്നാല്‍ അന്നത്തെ ഏരിയ കമ്മിറ്റിയുടെ യാതൊരു അനുവാദവും ഇല്ലാതെയാണ് നഷ്ടത്തിലുള്ള സ്ഥാപനത്തിന്റെ ഓഹരി വാങ്ങാന്‍ കെ.നന്ദകുമാര്‍ തീരുമാനിച്ചതെന്നാരോപണമുണ്ട്. ഇതിനെതിരെ നേരത്തെ ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിച്ചിരുന്നു. അതിന്റെ അന്വേഷണവും തുടരുകയാണ്. മണ്ണാര്‍ക്കാട് പരിശോധിച്ചതിന് സമാനമായി പുത്തലത്ത് ദിനേശന്റെ നേതൃത്വത്തില്‍ ചെര്‍പ്പുളശ്ശേരിയിലും ഉടന്‍ അന്വേഷണം നടത്തും.

ജില്ലയിലെ സി.പി.എം ജാഥ പര്യടനം കഴിഞ്ഞാല്‍ പരാതികള്‍ പരിശോധിക്കും. കഴിഞ്ഞ ഏരിയ സമ്മേളനത്തില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വിഭാഗീയത നടന്നത് ചെര്‍പ്പുളശ്ശേരിയിലാണ് എന്നാണ് വിഭാഗീയത അന്വേഷണ കമ്മീഷന്‍ അംഗം ആനാവൂര്‍ നാഗപ്പന്റെ റിപ്പോര്‍ട്ട്. ഇതിന് നേതൃത്വപരമായ പങ്ക് പി.കെ ശശിയാണ് വഹിച്ചതെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന കമ്മറ്റിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത് എന്നാണ് സൂചന. വരുംദിവസങ്ങളില്‍ ചെര്‍പ്പുളശ്ശേരി സി.പി.എമ്മിനുളളില്‍ വലിയ പൊട്ടിതെറിക്കാണ് ഇതു വഴിവെച്ചിരിക്കുന്നത്.

പീഡന പരാതി ഉള്‍പ്പടെ വിവിധ വിഷയങ്ങളില്‍ വിവാദങ്ങളില്‍ ഇടംപിടച്ച വ്യക്തിയാണ് പികെ ശശി. കഴിഞ്ഞ തവണ നിയമസഭ ഇലക്ഷന് അദ്ദേഹത്തിന് സീറ്റും ലഭിച്ചിരുന്നില്ല.

webdesk11: