തിരുവനന്തപുരം: ആലുവയിലെ ജനങ്ങളെയും പ്രതിപക്ഷത്തെയും തീവ്രവാദികളെന്ന് വിളിച്ചാക്ഷേപിച്ച മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ ഇന്നലെയും നിയമസഭ പ്രക്ഷുബ്ധമായി. മുഖ്യമന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി പി.ടി തോമസ് എം.എല്‍.എ അവതരണാനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിക്കുകയും പരാമര്‍ശം പിന്‍വലിക്കുന്നതിന് പകരം കൂടുതല്‍ പ്രകോപനപരമായി സംസാരിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടി ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. സഭയിലെ പരാമര്‍ശത്തിന്റെ പേരില്‍ അടിയന്തര പ്രമേയ നോട്ടിസ് അനുവദിക്കാനാകില്ലെന്നായിരുന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ നിലപാട്. സ്പീക്കറുടെ നിലപാട് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കാത്തത് ശരിയായ നടപടിയല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ‘ഞാന്‍ തീവ്രവാദിയോ, മറുപടി പറയൂ മുഖ്യമന്ത്രി’ എന്നെഴുതിയ ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ ഇന്നലെ സഭയില്‍ എത്തിയത്. ആലുവ സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആലുവക്കാര്‍ തീവ്രവാദികളാണെന്നും ആലുവ സ്വതന്ത്ര റിപ്പബ്ലിക്ക് അല്ലെന്നുമുള്ള വിവാദ പരാമര്‍ശം നടത്തിയത്.