X
    Categories: keralaNews

പി.ടി തോമസ് മരിച്ചത് കൊണ്ട് തെറ്റ് തിരുത്താനുള്ള സൗഭാഗ്യം കൈവന്നെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യം;വി.ഡി സതീശന്‍

പി.ടി.തോമസിനെ വിജയിപ്പിച്ചത് അബദ്ധമാണെന്നും ഇപ്പോള്‍ പി.ടി തോമസ് മരിച്ചത് കൊണ്ട് തെറ്റ് തിരുത്താനുള്ള സൗഭാഗ്യം കൈവന്നിരിക്കുകയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി സ്ഥാനത്തിന് ചേരാത്ത പ്രയോഗമാണത്. പറഞ്ഞത് മുഖ്യമന്ത്രിയായതിനാല്‍ കേരളം അപമാനഭാരത്താല്‍ തലകുനിച്ചിരിക്കുകയാണ്. നിയമസഭയില്‍ യു.ഡി.എഫിന്റെ കുന്തമുനയായിരുന്നു പി.ടി തോമസ്. സര്‍ക്കാരിനെ ശക്തമായി ആക്രമിച്ചയാളാണ്. ആ വിരോധം മനസില്‍ സൂക്ഷിച്ചുകൊണ്ടാണ് ഇത്തരമൊരു പദപ്രയോഗം നടത്തിയത്. പരനാറി, കുലംകുത്തി പ്രയോഗങ്ങളില്‍ അഗ്രഗണ്യനാണല്ലോ മുഖ്യമന്ത്രി. എന്നിട്ട് കുലംകുത്തികളെ മാലയിട്ട് സ്വീകരിക്കും. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നത് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം കെ.വി തോമസ് വിഷയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്.കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിച്ചുകൊണ്ടാണ് കെ.വി തോമസ് സി.പി.എമ്മിലേക്ക് പോയത്. കെ.വി തോമസിനെ സി.പി.എം സ്വീകരിച്ചത് കൊണ്ട് തൃക്കാക്കരയില്‍ യു.ഡി.എഫിന് കൂടുതല്‍ വോട്ടുകള്‍ കിട്ടും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും കെ.വി.തോമസിനോട് അവജ്ഞയും പുച്ഛവുമാണ് തോന്നുന്നത്. സി.പി.എം നേതാക്കള്‍ കെ.വി തോമസിനെ സ്വീകരിക്കുമ്പോഴും അവരുടെ അണികളും ഇതേ അവജ്ഞയോടും പുച്ഛത്തോടുമാകും സ്വീകരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്നും ഒരാളെ പുറത്താക്കാതിരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പേ കെ.വി തോമസ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ അന്ന് സി.പി.എമ്മുമായുള്ള ധാരണ ശരിയായില്ല. അതിന് ശേഷവും പോകാനുള്ള അവസരം നോക്കി നില്‍ക്കുകയായിരുന്നു. എക്കലത്തും കെ.വി തോമസ് പാര്‍ട്ടിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പില്‍ ലിനോ ജേക്കബിനെയും എറണാകുളം മണ്ഡലത്തില്‍ ടി.ജെ വനോദിനെയും തോല്‍പ്പിക്കാന്‍ ശ്രമിച്ചു. അദ്ദേഹം ഒഴികെ ആര് മത്സരിച്ചാലും തോല്‍പിക്കാന്‍ ശ്രമിക്കും. കെ.വി തോമസിന് ഇനി എന്താണ് പാര്‍ട്ടി കൊടുക്കാനുള്ളത്? ഏതെങ്കിലും ഒരു ആശയത്തിന്റെയോ അഭിപ്രായവ്യത്യാസത്തിന്റെയോ പേരിലല്ല പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് ഇത്രയും കാലം സഹിച്ചത് ഇനി സി.പി.എം സഹിക്കട്ടേ. സന്തോഷത്തോടെ യാത്രയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Chandrika Web: