ആര്‍എസ്എസുമായുള്ള ബന്ധം സിപിഐഎം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ന്യൂനപക്ഷ സംഘടനകളോട് മുഖ്യമന്ത്രി അയിത്തം കല്‍പ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നാലുപതിറ്റാണ്ട് കാലത്തെ സൗഹൃദമുണ്ടായിരുന്ന ജമാഅത്ത് ഇസ്ലാമിയെയും 2009ല്‍ പരസ്യമായി തിരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെട്ടിരുന്ന പിഡിപിയെയും പൊടുന്നനെ സിപിഐഎമ്മും മുഖ്യമന്ത്രിയും തള്ളിപ്പറയുന്നത് സംഘപരിവാര്‍ നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണ്.
രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം മതനിരപേക്ഷ വാദം ഉയര്‍ത്തി പൊയ്മുഖം അണിയുന്ന പ്രസ്ഥാനമാണ് സിപിഎം. മുഖ്യമന്ത്രി തള്ളിപ്പറയുന്ന ജമാഅത്ത ഇസ്ലാമി, എസ്ഡിപി ഐ തുടങ്ങിയവരുമായി വിവിധ തിരഞ്ഞെടുപ്പുകളില്‍ തോളോട് തോള്‍ ചേര്‍ന്നാണ് സിപിഐഎം പ്രവര്‍ത്തിച്ചത്. ജമാഅത്ത് ഇസ്ലാമിയുടെ ആസ്ഥാനത്ത് പോയി അമീറുമാരെ പിണറായി വിജയന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.ലോക്‌സഭാ, നിയമസഭാ,തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മും ജമാഅത്ത ഇസ്ലാമിയും പരസ്പരം സഹകരിച്ചതാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎം അണികളുടെയും അനുഭാവികളുടെയും വോട്ടുകള്‍ ബിജെപിയിലേക്ക് വ്യാപകമായി പോയയെന്ന ബോധ്യത്തില്‍ നിന്നാണ് ഇപ്പോള്‍ പുതിയ അടവ് നയം സിപിഐഎം പയറ്റുന്നത്. ജമാഅത്ത ഇസ്ലാമി 1996 എല്‍ഡിഎഫിനെ പിന്തുണച്ചപ്പോള്‍ അതിലുള്ള ആവേശവും ആഹ്ലാദവും പ്രകടിപ്പിച്ച് ദേശാഭിമാനിയുടെ മുഖപ്രസംഗം വീണ്ടും വായിച്ചാല്‍ മുഖ്യമന്ത്രിക്ക് മറന്നുപോയ പഴയകാര്യങ്ങള്‍ ഓര്‍മ്മവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.