ഡല്‍ഹി: മീന്‍ കറിയില്‍ വിഷം കലര്‍ത്തി ഭാര്യാമാതാവിനെയും ഭാര്യാസഹോദരിയെയും കൊലപ്പെടുത്തി യുവാവ്. സംഭവത്തില്‍ 37കാരനായ വരുണ്‍ അറോറ എന്നയാളെ ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലെ വീട്ടില്‍നിന്ന് അറസ്റ്റു ചെയ്തു. താലിയം എന്ന വിഷമാണ് ഇയാള്‍ കറിയില്‍ കലര്‍ത്തിയത്. വളരെ പതുക്കെ മരണം ഉറപ്പാക്കുന്നതാണു താലിയം.
വര്‍ഷങ്ങളായി നേരിട്ട അപമാനത്തില്‍ പകരം വീട്ടുന്നതിനാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കിയതെന്നാണ് പൊലീസ് നിഗമനം. വരുണിന്റെ ഭാര്യാമാതാവ് അനിത ദേവി ശര്‍മയുടെ ശരീരത്തില്‍ താലിയത്തിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നാലെ ഇയാളുടെ ഭാര്യയേയും രക്തത്തില്‍ വിഷത്തിന്റെ സാന്നിധ്യത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യ ദിവ്യ അബോധാവസ്ഥയിലാണ്. അന്വേഷണത്തിന് ഇടയിലാണ് അനിതയുടെ ഇളയ മകള്‍ പ്രിയങ്കയുടെ മരണം സംശയ നിഴലിലാകുന്നത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് പ്രിയങ്ക മരിച്ചത്. താലിയം ശരീരത്തില്‍ പ്രവേശിക്കുന്നവരില്‍ കാണുന്ന ലക്ഷണങ്ങള്‍ – മുടി കൊഴിച്ചില്‍, കാലിനുള്ള അസഹനീയ വേദന – എന്നിവ പ്രിയങ്കയ്ക്കുണ്ടായിരുന്നതായും കണ്ടെത്തി.
ഭാര്യാപിതാവ് ദേവേന്ദര്‍ മോഹന്‍ ശര്‍മയുടെ ശരീരത്തിലും താലിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. വിശദമായ അന്വേഷണത്തില്‍ വീട്ടിലെ ജോലിക്കാരിയിലും ലക്ഷണങ്ങള്‍ കണ്ടിരുന്നതായി ഡപ്യൂട്ടി കമ്മിഷണര്‍ ഊര്‍വിജ ഗോയല്‍ പറഞ്ഞു. കൂട്ടക്കൊലപാതകത്തിലേക്ക് സംശയമുന നീണ്ടതോടെയാണ് പൊലീസ് ഫൊറന്‍സിക് സംഘത്തെ ദിവ്യയുടെ വീട്ടിലേക്ക് അയച്ചത്.
പരിശോധനയില്‍ ഇവിടെനിന്ന് താലിയം കണ്ടെടുത്തു. ജനുവരി 31ന് വരുണ്‍ ദിവ്യയുടെ വീട്ടിലെത്തിയിരുന്നു. അന്ന് ഇയാള്‍ അവിടെ മീന്‍ കറി വയ്ക്കുകയും അതില്‍ താലിയം കലര്‍ത്തുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ദിവ്യയുമായി 12 വര്‍ഷം മുന്‍പായിരുന്നു വരുണിന്റെ വിവാഹം.