കോഴിക്കോട്: കോവിഡ് മാനദണ്ഡം അനുസരിച്ച് ക്വാറന്റീനിലിരിക്കേണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത് ജനങ്ങളുടെ ആരോഗ്യസുരക്ഷയെ വെല്ലുവിളിക്കുമ്പോഴും നോക്കുകുത്തിയായി പൊലീസും ആരോഗ്യ വകുപ്പും.സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലുമാണ് ആരോഗ്യമാനദണ്ഡം ലംഘിച്ച് പിണറായി വിജയന്‍ പങ്കെടുത്തത്. കഴിഞ്ഞ ഏഴാം തിയ്യതി വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഹൈദരാബാദില്‍ നടന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ടിനും അദ്ദേഹത്തിന്റെ ഭാര്യ വൃന്ദാ കാരാട്ടിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇവര്‍ക്കൊപ്പം അടച്ചിട്ട, ശീതീകരിച്ച ഹാളിലാണ് മുഖ്യമന്ത്രി പങ്കെടുത്ത കേന്ദ്രകമ്മിറ്റി യോഗം നടന്നത്. രോഗം സ്ഥിരീകരിച്ചവരുമായ് നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ മുഖ്യമന്ത്രി ക്വാറന്റീനില്‍ ഇരിക്കേണ്ടതായിരുന്നു. എന്നാല്‍ അതു ചെയ്യാതെയാണ് അദ്ദേഹം 11 നും 12 നും കോഴിക്കോട് സി.പി.എം സമ്മേളനത്തിനെത്തിയത്. അടച്ചിട്ട ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനത്തിലും പിന്നീട് ആയിരങ്ങള്‍ അണിനിരന്ന കടപ്പുറത്തെ പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. പൊതുസമ്മേളന വേദിയില്‍ പ്രമുഖ നേതാക്കളും ഉണ്ടായിരുന്നു. സാധാരണക്കാരും പ്രവാസികളും കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് വാശിപിടിക്കുന്ന സര്‍ക്കാറിന്റെ തലവന്‍ തന്നെ അവ പരസ്യമായ് ലംഘിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനം ശക്തമാണ്.
അതേസമയം, കോവിഡ് മാനദണ്ഡം ലംഘിച്ച് കോഴിക്കോട് കടപ്പുറത്ത് സമ്മേളനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ രാമനാട്ടുകര വൈദ്യരങ്ങാടിയിലെ താഴത്തെ വീട്ടില്‍ അനസ് വെള്ളയില്‍ പൊലീസില്‍ പരാതി നല്‍കി.