എല്ലാ ക്രിമിനലുകളുടെയും സംരക്ഷകനായി അറിയപ്പെടുന്ന മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണ വിധേയരെ മാറ്റി നിർത്തി സ്വതന്ത്രമായ അന്വേഷണം നടത്തണം. സത്യമറിയാനുള്ള അവകാശം ജനത്തിനുണ്ട്. നീതി തേടി ചെല്ലുന്ന പോലീസ് സ്‌റ്റേഷനുകൾ അനീതിയുടെ കൂടാരമായി മാറിയതായും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച് കുറ്റക്കാർക്ക് ഉന്നത പദവികൾ നൽകിയത് പോലെയാണ് പോലീസ് ഡിപ്പാർട്‌മെന്റിലും സർക്കാർ ഇടപെടുന്നത്. സുജിത് ദാസിനെതിരെ മുസ്ലിംലീഗ് നേരത്തെ ഉന്നയിച്ച ആരോപണങ്ങളൊന്നും സർക്കാർ ചെവിക്കൊണ്ടില്ല. അൻവറുമായി ഒത്തുതീർപ്പുണ്ടാക്കാൻ ഇത് മുഖ്യമന്ത്രിയുടെ കുടുംബകാര്യമല്ല.
കൊലപാതകവും കള്ളക്കടത്തും പീഡനവും ആർ.എസ്.എസ് ബാന്ധവവും ആരോപിക്കപ്പെടുന്ന വിഷയങ്ങളാണ്. എ.ഡി.ജി.പിയെക്കുറിച്ച് അന്വേഷിക്കാൻ ഡി.വൈ.എസ്.പിയെയാണോ ചുമതലപ്പെടുത്തേണ്ടത്? കേന്ദ്ര അന്വേഷണ ഏജൻസികളെ ഏൽപിച്ച് സത്യം പുറത്ത് വരണം. സ്ത്രീപക്ഷ സർക്കാർ എന്ന് പറയുന്ന ഈ സർക്കാറിന്റെ കാലത്താണ് കേരളത്തിൽ വലിയ പീഡനങ്ങൾ നടന്നത്. കുറ്റകൃത്യങ്ങളുടെ അവസാനത്തെ തുമ്പ് എത്തുന്നത് അവസാനത്തെ അങ്കിളായ മുഖ്യമന്ത്രയുടെ അടുത്തേക്കാണ്. കാഫിർ സ്‌ക്രീൻഷോട്ടിൽ നീതി ലഭിക്കുന്നത് വരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.