X

മുസ്ലിംലീഗുകാരെ കേസ് കാട്ടി പേടിപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട: പിഎംഎ സലാം

മുസ്ലിംലീഗുകാരെ കേസ് കാട്ടി പേടിപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും വിവേചനത്തിന്റെ രാഷ്ട്രീയത്തിനെതിരെ സമരം തുടരുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് നിയമനം പി.എസ്.സിക്ക് വിടാന്‍ കാണിച്ച ആവേശം യൂണിവേഴ്‌സിറ്റികളിലെ നിയമനങ്ങള്‍ക്കില്ല. സ്വന്തക്കാരെ എല്ലായിടത്തും തിരുകിക്കയറ്റുകയാണ്. വിദ്യാഭ്യാസ മേഖല ആകെ വഷളാക്കി. ഞങ്ങളുടെ രാഷ്ട്രീയം ചോദിച്ച മുഖ്യമന്ത്രിയോട് അങ്ങ് കമ്യൂണിസ്റ്റാണോ എന്ന് മാത്രമേ ചോദിക്കാനുള്ളൂ. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മുതലക്കുളത്ത് നടന്ന ഡി.വൈ.എഫ്.ഐ പരിപാടിക്ക് കേസില്ല. കണ്ണൂരിലെ സി.പി.എം പരിപാടിക്ക് കേസില്ല. 144 നിലനില്‍ക്കുന്ന തലശ്ശേരിയില്‍ ആര്‍.എസ്.എസ്സുകാര്‍ക്കെതിരെ കേസുണ്ടായില്ല. പരാതി കിട്ടിയില്ലെന്നാണ് പോലീസ് പറഞ്ഞത്. ലീഗുകാര്‍ക്കെതിരെ കേസെടുക്കാന്‍ ആരുടെ പരാതിയാണ് കിട്ടിയത്.? പി.എം.എ സലാം ചോദിച്ചു.

ഭരണകൂടത്തിന്റെ തലവനായ ഗവര്‍ണര്‍ മന്ത്രിസഭയെക്കുറിച്ച് ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഒഴിഞ്ഞ് മുഖ്യമന്ത്രിക്ക് കൊടുക്കാം എന്ന് അദ്ദേഹം പറയുന്നത് നിസ്സാരമായി കണ്ടുകൂടാ. കേരളം അഭിമുഖീകരിക്കുന്ന വലിയൊരു ഭരണ പ്രതിസന്ധിയാണിത്. ഇങ്ങനെയൊരു സ്ഥിതിവിശേഷം വേറെ എവിടെയും ഉണ്ടായിട്ടില്ല. കേരള സര്‍ക്കാറിന്റെ വിവേചനത്തോടെയുള്ള ഇടപെടലാണ് ഇതിന് കാരണം. കണ്ണൂര്‍ വി.സിയെ വീണ്ടും നിയമിക്കാന്‍ മുഖ്യമന്ത്രിയെ നിര്‍ബന്ധിതമാക്കുന്നത് എന്താണ്? എസ്.എഫ്.ഐ പോലും ഇദ്ദേഹത്തിനെതിരെ സമരം ചെയ്തതാണ്. പിന്നെന്താണ് മുഖ്യമന്ത്രിക്ക് മാത്രം ഇത്ര താല്‍പര്യം. തികച്ചും ഏകപക്ഷീയമായ നിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും പി.എം.എ സലാം പറഞ്ഞു.

Test User: