തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കി. ബുധനാഴ്ച ഹാജരാകാനാണ് നിര്‍ദേശം. ഇത് നാലാം തവണയാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ആവശ്യവുമായി ഇഡി നോട്ടീസ് നല്‍കുന്നത്.
ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്നു തവണയും രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ആദ്യ തവണ കോവിഡ് ബാധിച്ചതിനാലാണ് ഹാജരാകാനാകാതിരുന്നത്. പിന്നീട് രണ്ട് തവണ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹം ചോദ്യം ചെയ്യലിനെത്തിയില്ല.
സ്വപ്ന സുരേഷിന്റെ ചില നിര്‍ണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതരെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടി തുടങ്ങിയത്.