തിരുവനന്തപുരം: കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താസമ്മേളനം റദ്ദാക്കി. രാവിലെ സര്‍വകക്ഷി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രിയോട് ട്രെയിനുകള്‍ റദ്ദാക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വൈകീട്ട് പറയാമെന്നായിരുന്നു മറുപടി. അതിന് ശേഷമാണ് ജലീലിനെ ഇഡി ചോദ്യം ചെയ്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരുമെന്ന ഭയത്താല്‍ വാര്‍ത്താസമ്മേളനം ഒഴിവാക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് ജലീലിനെ ഇഡി ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തെക്കുറിച്ചും യുഎഇ കോണ്‍സുലേറ്റ് വഴി വന്ന പെട്ടികളെ കുറിച്ചുമായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് പ്രധാനമായും ചോദിച്ചത്. രാവിലെ ഔദ്യോഗിക വാഹനത്തില്‍ അരൂരിലെ വ്യവസായിയായ സുഹൃത്തിന്റെ വീട്ടിലെത്തിയ മന്ത്രി സ്വകാര്യവാഹനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയെക്കൂടി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. അല്‍പമെങ്കിലും ധാര്‍മ്മികതയുണ്ടെങ്കില്‍ ജലീല്‍ രാജിവെക്കാന്‍ തയ്യാറാവണമെന്ന് പ്രതിക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.