തിരുവനന്തപുരം: ശബരിമല പ്രതിസന്ധിയില്‍ സര്‍ക്കാറിന്റെ നിസ്സഹായാവസ്ഥ വെളിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനം. ശബരിമലയില്‍ ആരാധന നടത്താന്‍ പ്രായപൂര്‍ത്തിയായ യുവതികള്‍ക്കും അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചതിനു ശേഷം ആദ്യമായി നടതുറന്നപ്പോഴുണ്ടായ സംഭവ വികാസങ്ങളെ വിലയിരുത്തി നടത്തിയ പത്രസമ്മേളനത്തിലാണ് അക്രമ സംഭവങ്ങളെയും കലാപശ്രമങ്ങളെയും നിസ്സാരവല്‍ക്കരിച്ചു കൊണ്ട് മുഖ്യമന്ത്രി പത്രക്കാരെ കണ്ടത്. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ഭരണഘടനാ ബാധ്യതയുണ്ടെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി, അതിന് തടസ്സം നില്‍ക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്തുവെന്നോ ചെയ്യുമെന്നോ വ്യക്തമായി പറയാന്‍ തയ്യാറായില്ല.
സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ തന്ത്രിയും പരിമകര്‍മ്മികളും നടത്തിയ ശ്രമം അംഗീകരിക്കാനാകില്ല. ശബരിമല പൂര്‍ണമായും ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്നും പന്തളം രാജകുടുംബത്തിനോ മറ്റാര്‍ക്കെങ്കിലുമോ അതില്‍ അവകാശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമപരമായ ഏക അവകാശി ബോര്‍ഡ് മാത്രമാണ്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. കവനന്റ് പ്രകാരം അവകാശമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. കവനന്റില്‍ പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ല. തെറ്റായ അവകാശവാദങ്ങള്‍ ആരും ഉന്നയിക്കേണ്ടെന്നും പിണറായി വ്യക്തമാക്കി.
ശബരിമല ഒരു ആരാധനാ സ്ഥലമാണ്. ആരാധനയ്ക്കാവശ്യമായ ശാന്തിയും സമാധാനവുമാണ് അവിടെ ആവശ്യമാണ്. അവിടെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ല. കോടതി വിധി നടപ്പാക്കുമ്പോള്‍ തന്നെ വിശ്വാസികളുടെ വിശ്വാസത്തെ മാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രിംകോടതി വിധി അനുസരിച്ച് ശബരിമലയില്‍ എല്ലാവര്‍ക്കും ആരാധന നടത്താന്‍ അവകാശമുണ്ട്. അതിന് അവസരമൊരുക്കുകയും സഹായം നല്‍കുകയുമാണ് സര്‍ക്കാറിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ കലാപസമാനമായ അക്രമങ്ങള്‍ നടത്തിയ സംഘ് പരിവാറിനെതിരെ ഒഴുക്കന്‍ മട്ടിലുള്ള പ്രസ്താവന നടത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തിയത്. സമാധനത്തിന്റെ സ്ഥലത്ത് സംഘ് പ്രവര്‍ത്തകര്‍ അക്രമമുണ്ടാക്കി. ശബരിമലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണ പദ്ധതി ആസൂത്രണം ചെയ്യുകയുണ്ടായി. യുവതികള്‍ക്കും ഭക്തര്‍ക്കും നേരെ മാത്രമല്ല, മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരോ പൊലീസോ ഒരു വിശ്വാസിയേയും തടയുന്നതിനോ എതിര്‍ക്കുന്നതിനോ തയ്യാറായിട്ടില്ല. പ്രതിഷേധത്തിന്റെ പേരില്‍ പന്തല് കെട്ടി സമരം ചെയ്യാന്‍ തയ്യാറായപ്പോഴും സര്‍ക്കാര്‍ എതിര് നിന്നില്ല. എന്നാല്‍ ആ സമരം മറ്റൊരു രീതിയിലേക്ക് വഴിമാറുകയും ഭക്തജനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്ന നിലയുണ്ടായപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടത്. തങ്ങള്‍ പറയുന്നതുപോലെ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ആക്രമിക്കുമെന്ന് സംഘ് പരിവാര്‍ പരസ്യമായി നിലപാടെടുത്തു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശബരിമല സന്ദര്‍ശിക്കാനെത്തിയ യുവതികള്‍ക്ക് അവിടെ വച്ചും, അതേസമയം തന്നെ അവരുടെ വീടുകള്‍ക്ക് നേരെ ആക്രമണം നടക്കുകയുണ്ടായി. ഇതൊക്കെ സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണ്. ആക്രമണം നടത്താനുള്ള പദ്ധതി നേരത്തെ തയ്യാറാക്കിയിരുന്നതായണ് വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.