തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കേണ്ടി വരുമെന്നും ചില സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് അനുമതി വൈകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സാമൂഹികാഘാത പഠനത്തിനായി കല്ലിടുന്നതോടൊപ്പം ജിയോ ടാഗിങ് അടക്കം നൂതനമാര്‍ഗങ്ങള്‍ ഉപയോഗിച്ച് വീടുകള്‍, മരങ്ങള്‍, മതിലുകള്‍ മുതലായ സ്ഥലങ്ങളില്‍ അടയാളങ്ങള്‍ ഇടുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വേണ്ടത് അര്‍ദ്ധ അതിവേഗ റെയിലാണ്. അതിന്റെ പേര് എന്തായാലും പ്രശ്‌നമില്ലെന്നും കേന്ദ്രം പദ്ധതി കൊണ്ടുവരുമെങ്കില്‍ അതുമാകാമെന്നും എന്നാല്‍ അത്തരമൊരു നിര്‍ദേശം കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഏറെ ആവശ്യമായ പദ്ധതിയാണ് കെ.റെയില്‍. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.