X

ധനമന്ത്രിയ്ക്ക് കൊവിഡ്: മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമടക്കം മന്ത്രിമാര്‍ സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍,  ആരോഗ്യമന്ത്രി കെ കെ ശൈലജ അടക്കമുള്ള മന്ത്രിമാര്‍ സ്വയം നിരീക്ഷണത്തില്‍ പോയി. വ്യവസായ മന്ത്രി ഇ പി ജയരാജന്‍, തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, വൈദ്യുതി മന്ത്രി എം എം മണി, എന്നിവരാണ് നിരീക്ഷണത്തിലേക്ക് പോയ മറ്റു മന്ത്രിമാര്‍.

കഴിഞ്ഞ ദിവസം തോമസ് ഐസക്ക് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവരും ധനമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അടക്കമുള്ളവരും നിരീക്ഷണത്തില്‍ പ്രവേശിച്ചു.

ഇത് രണ്ടാം തവണയാണ് മുഖ്യമന്തി നിരീക്ഷണത്തില്‍ പോകുന്നത്. നേരത്തെ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളം സന്ദര്‍ശിച്ച മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോയിരുന്നു.

സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു മന്ത്രിയ്ക്ക് കൊവി‍ഡ് സ്ഥിരീകരിക്കുന്നത്. ഞായറാഴ്ച നടത്തിയ
ആന്റിജന്‍ പരിശോധനയിലാണ് മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.  സ്രവ പരിശോധന ഉടന്‍ നടത്തും. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല.

chandrika: