X

ഓഖി ഫണ്ടില്‍ മുഖ്യമന്ത്രിയുടെ ആകാശയാത്ര; വിവാദമായപ്പോള്‍ ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഇടത് സര്‍ക്കാര്‍, ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും കൈയിട്ടുവാരുന്നു. അതും മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ആകാശയാത്രക്കായി. ദുരിതാശ്വാസത്തിനായി വിനിയോഗിക്കേണ്ട ഫണ്ടാണ്, മുഖ്യമന്ത്രി തൃശൂരിലെ സി.പി.എം സമ്മേളനവേദിയില്‍ നിന്നു തലസ്ഥാനത്തേക്ക് ഹെലികോപ്റ്ററില്‍ പറന്നതിന്റെ ചെലവിനായി നല്‍കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ വിവാദ ഉത്തരവ് റദ്ദാക്കി. പണം വകമാറ്റിയത് അറിഞ്ഞില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
എട്ട് ലക്ഷം രൂപയാണ് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറക്കാന്‍ മുഖ്യമന്ത്രിക്ക് ചെലവായത്. ഓഖി കേന്ദ്രസംഘത്തെ കാണാനാണ് മുഖ്യമന്ത്രി തൃശൂരില്‍ നിന്ന് തലസ്ഥാനത്തേക്ക് ഹെലികോപ്റ്ററില്‍ എത്തിയതെന്നും അതിനാല്‍ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് പണം നല്‍കണമെന്നും റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരം ജില്ലാ കലക്ടറോടാണ് ഫണ്ട് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഖജനാവില്‍ പണമില്ലന്ന് സര്‍ക്കാര്‍ പരിതപിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിലെ കറക്കം. സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്താനാണ് ബംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. തിരുവനന്തപുരത്തെ പരിപാടിക്കു ശേഷം അതേ ഹെലികോപ്റ്ററില്‍ വീണ്ടും തൃശൂരിലെ സമ്മേളന സ്ഥലത്തേക്ക് മുഖ്യമന്ത്രി പറന്നു. പാര്‍ട്ടി സമ്മേളനത്തില്‍ പ്രവര്‍ത്തകരോട് സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പരിതപിച്ചതിനുശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ആകാശ യാത്ര.

ഈ യാത്രക്ക് ബംഗളൂരുവിലെ ചിപ്സന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 13.09 ലക്ഷം രൂപയുടെ ബില്ലാണ് ഡി.ജി.പിക്ക് നല്‍കിയത്. ഡി.ജി.പി ഇത് ദുരന്ത നിവാരണ വകുപ്പിന്റെ ചുമതലയുള്ള റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന് കൈമാറി. കമ്പനിയുമായി ‘വിലപേശി’ കുര്യന്‍ ഇത് എട്ടു ലക്ഷം രൂപയായി കുറക്കുകയും കഴിഞ്ഞ ആറിന് തുക അനുവദിച്ച് ഉത്തരവിറക്കുകയും ചെയ്യുകയായിരുന്നു. ഓഖി ദുരന്ത മേഖല സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘത്തെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ വാടകക്കെടുത്തതെന്നാണ് റവന്യു സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ അന്നേദിവസം കേന്ദ്ര സംഘവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നില്ല എന്നതാണ് വസ്തുത. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടു മാത്രമേ തുക അനുവദിക്കാവൂ എന്നിരിക്കേയാണ് മുഖ്യമന്ത്രിയുടെ ധൂര്‍ത്തിന് പണം അനുവദിച്ചത്. ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നല്‍കി സഹായിക്കണമെന്ന് നിരന്തരം അഭ്യര്‍ത്ഥിക്കുന്ന മുഖ്യമന്ത്രിയാണ്, ഈതുക പാര്‍ട്ടി സമ്മേളനയാത്രക്കായി വകമാറ്റിയത്.

സാധാരണ മുഖ്യമന്ത്രിയുടെ ചെലവുകള്‍ വഹിക്കുന്നത് പൊതു ഭരണവകുപ്പാണ്. എന്നാല്‍ അന്നേദിവസം തൃശൂരില്‍ മുഖ്യമന്ത്രിക്ക് ഔദ്യോഗിക പരിപാടികള്‍ ഉണ്ടായിരുന്നില്ല. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം പോയതിനാല്‍ ഹെലികോപ്റ്റര്‍ വാടക നല്‍കാന്‍ കഴിയില്ലെന്ന് ഡി.ജി.പിയെ പൊതു ഭരണ വകുപ്പ് അറിയിച്ചു. ഇതോടെയാണ് ദുരന്ത നിവാരണ വകുപ്പിനെ ഡി.ജി.പി സമീപിച്ചത്.

കഴിഞ്ഞ നവംബര്‍ ആറിന് മധുരയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു മുഖ്യമന്ത്രി പറന്നത്. പൊലീസ് ആസ്ഥാനത്തു നിന്നാണ് വിമാനം ബുക്ക് ചെയ്തത്. ഇതിന്റെ വാടക ഏത് കണക്കില്‍ പെടുത്തിയാണ് കൊടുത്തതെന്ന് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

chandrika: