തിരുവനന്തപുരം: പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്തില്‍ അഴിമതിക്കാര്‍ ഇപ്പോഴും ഉണ്ട് കിട്ടുന്നതെല്ലാം പോന്നോട്ടെ എന്നാണ് ചിലരുടെ രീതി. കരാറുകാര്‍ക്ക് വഴിപ്പെട്ട ഉദ്യോഗസ്ഥരുമുണ്ട്. എന്നാല്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുമരാമത്ത് വകുപ്പിന്റെ എഞ്ചിനീയറിംഗ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പിന് കാര്യക്ഷമത ഇല്ലാത്തതാണ് പദ്ധതികള്‍ പറഞ്ഞ സമയത്ത് പൂര്‍ത്തിയാകാതിരിക്കാന്‍ കാരണം. ‘പൊതുമരാമത്ത് പദ്ധതിയുടെ പണം വിനിയോഗിക്കുന്നതില്‍ കേരളം ഏറെ പിറകിലാണ്. ആസൂത്രണത്തിന്റെ കുറവാണ് ഇതിന് കാരണം. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുളള പദ്ധതിക്ക് പണം വന്നാലും തയ്യാറെടുപ്പ് തുടങ്ങില്ലെന്നും പിണറായി പറഞ്ഞു.
‘ജീവിക്കാന്‍ മതിയാവുന്ന ശമ്പളം കിട്ടുന്നുണ്ടെങ്കിലും ചിലര്‍ക്ക് തൃപ്തിയാവുന്നില്ല എന്നതാണ്. ഒരു പ്രത്യേക തരത്തിലുളള ആര്‍ത്തി വരികയാണ് ഇവര്‍ക്ക്. അത്‌കൊണ്ട് തന്നെ കിട്ടുന്നതെല്ലാം പോന്നോട്ടെ എന്നാണ് അവരുടെ രീതി. ഇവരാണ് വകുപ്പിന് ചീത്തപ്പേരുണ്ടാക്കുന്നതെന്നും’ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തില്‍ മേലേത്തട്ടില്‍ അഴിമതി കുറഞ്ഞിട്ടുണ്ട് റോഡ് തകരുന്നതിന് മഴയെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. അറ്റകുറ്റപ്പണിയും നിര്‍മ്മാണം നടത്തിയ കരാറുകാരുടെ ബാധ്യതയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.