X

വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില, മുഖ്യമന്ത്രിയ്ക്കായി ഒരുക്കിയ ‘അമിത’ സുരക്ഷ തുടരും

വിമര്‍ശനങ്ങളെ കാര്യമാക്കി എടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് ഒരുക്കിയ സുരക്ഷ അതേരീതിയില്‍ തുടരാന്‍ പൊലീസ് തീരുമാനം. മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കുന്ന അമിത സുരക്ഷക്കെതിരെ വ്യാപക ആക്ഷേപമുയര്‍ന്നെങ്കിലും സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന നിലപാടിലാണ് പൊലീസ്. വിമര്‍ശനങ്ങള്‍ കടുത്തപ്പോള്‍ മുഖ്യമന്ത്രിതന്നെ ഇക്കാര്യത്തില്‍ പൊലീസിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍, അത്തരത്തിലുള്ള നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന മട്ടിലുള്ള വിശദീകരണമാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

കുഞ്ഞിന് മരുന്ന് വാങ്ങാന്‍ പോയ പിതാവിനെ തടഞ്ഞ് വച്ച് ഭീഷണിപ്പെടുത്തിയ സംഭവും, കെ.എസ്.യു പ്രവര്‍ത്തകക്കെതിരായ നടപടിയും കരുതല്‍ തടങ്കലില്‍വെച്ചതുമെല്ലാം മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് വേണ്ടി മാത്രമാണെന്ന് പറഞ്ഞ് കൈയ്യൊഴിയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. . മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീഷണി നേരിടുന്ന വ്യക്തിയാണെന്നും സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുള്‍പ്പെടെ കണക്കിലെടുത്ത് കര്‍ശന സുരക്ഷ ഉറപ്പുവരുത്തിയേ മതിയാകൂവെന്നുമാണ് പൊലീസ് തീരുമാനം.

ഇതുസംബന്ധിച്ച് ഉയരുന്നത് സ്വാഭാവിക രാഷ്ട്രീയ ആക്ഷേപങ്ങള്‍ മാത്രമാണെന്ന് പൊലീസ് അറിയിച്ചു. ഇതിന് പുറമെ, സംസ്ഥാനത്തിനകത്ത് നല്‍കുന്ന സുരക്ഷ അദ്ദേഹം ഇതര സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും ഒരുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ബംഗാളിലെത്തിയ പിണറായിക്ക് പ്രത്യേക സുരക്ഷയൊരുക്കിയത്.

webdesk14: