X
    Categories: keralaNews

തൃക്കാക്കരയിലെ പുനരധിവാസ ഭൂമി സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി

കൊച്ചി: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദിവസങ്ങളോളം തൃക്കാക്കരയില്‍ തമ്പടിച്ചിട്ടും, മണ്‌ലത്തില്‍ ഉള്‍പ്പെടുന്ന മൂലമ്പള്ളി പാക്കേജ് പ്രകാരമുള്ള പുനരധിവാസ സൈറ്റുകള്‍ മുഖ്യമന്ത്രി ഇതുവരെ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധം. വാഴക്കാല തൂതിയുരില്‍ 56 കുടുംബങ്ങള്‍ക്ക് നല്‍കിയ പ്ലോട്ടുകളില്‍ മൂന്ന് കുടുംബങ്ങള്‍ പണിത വീടുകളില്‍ രണ്ടെണ്ണവും ചതുപ്പില്‍ താഴ്ന്ന് ബലക്ഷയം സംഭവിച്ചു. ഇക്കാരണത്താല്‍ ശേഷിക്കുന്ന കുടുംബങ്ങള്‍ ഇവിടെ വീടുകള്‍ നിര്‍മിക്കാന്‍ ധൈര്യപ്പെടുന്നില്ല.

കാക്കനാട് കടമ്പ്രയാറിന്റെ തീരത്ത് ഇന്ദിരാനഗറിന് സമീപം 118 കുടുംബങ്ങള്‍ക്ക് പാക്കേജ് പ്രകാരം അനുവദിച്ചിട്ടുള്ള പ്ലോട്ടുകളില്‍ രണ്ടു കുടുംബങ്ങള്‍ മാത്രമാണ് ഇതിനകം വീടുകള്‍ നിര്‍മിച്ചിട്ടുള്ളത്. പുഴയുടെ ഓരത്ത് ചതുപ്പായ കിടന്ന ഭൂമി നികത്തിയാണ് പുനരധിവാസ ഭൂമിയാക്കിയത്.

ഹൈക്കോടതി വിധി പ്രകാരം രണ്ടുനില കെട്ടിടം പണിയാവുന്ന എ ക്ലാസ് ഭൂമിയാണ് കുടുംബങ്ങള്‍ക്ക് നല്‍കേണ്ടത്. ഗതാഗതയോഗ്യമായ റോഡ് കുടിവെള്ളം, വൈദ്യുതി ഡ്രെയിനേജ് എന്നിവ സര്‍ക്കാര്‍ ചെലവില്‍ നല്‍കണം. ഇവ പൂര്‍ത്തിയാക്കുന്നതുവരെ ഓരോ കുടുംബത്തിനും വാടകയ്ക്ക് താമസിക്കുവാന്‍ പ്രതിമാസം 5000 രൂപ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ കുടുംബങ്ങള്‍ക്ക് വാടകയുടെ ആനുകൂല്യം ലഭികുന്നില്ലെന്ന് പരാതിയുണ്ട്. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചു. മുഖ്യമന്ത്രി ഇതുവരെ സൈറ്റ് സന്ദര്‍ശിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.

Chandrika Web: