ഡല്‍ഹി: കാമുകിയുടെ സഹോദരനെ വെടിവച്ച് കൊലപ്പെടുത്തിയ യൂട്യൂബറും കൂട്ടാളികളും പിടിയില്‍. നോയിഡ സെക്ടര്‍ 53 സ്വദേശിയും പ്രമുഖ യൂട്യൂബറുമായ നിസാമുല്‍ ഖാന്‍, സുഹൃത്തുക്കളായ സുമിത് ശര്‍മ, അമിത് ഗുപ്ത എന്നിവരെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ബൈക്കുകളും തോക്കും വെടിയുണ്ടകളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
ഒക്ടോബര്‍ 28നാണ് നോയിഡ സെക്ടര്‍ 31ല്‍ താമസിക്കുന്ന കമല്‍ ശര്‍മ(26)യെ വെടിവെച്ചുകൊന്നത്. രാത്രി കമ്പനിയിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും തുടക്കത്തില്‍ പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് കമലിന്റെ സഹോദരിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് ഇവരുടെ ഫോണ്‍വിളി വിവരങ്ങളില്‍നിന്ന് പ്രതികളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയുമായിരുന്നു.
സഹോദരിയും നിസാമുലും തമ്മിലുള്ള ബന്ധത്തെ കമല്‍ എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്നറിഞ്ഞ കമല്‍ സഹോദരിയുടെ ഫോണ്‍ പിടിച്ചുവാങ്ങുകയും നിസാമുലിനെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കമലിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
ഒക്ടോബര്‍ 28ന് രാത്രി കമ്പനിയില്‍നിന്ന് യാത്രതിരിച്ച കമലിനെ പ്രതികള്‍ ബൈക്കില്‍ പിന്തുടര്‍ന്നു. അമിത് ഗുപ്തയാണ് ബൈക്ക് ഓടിച്ചിരുന്നത്. എലവേറ്റഡ് ഹൈവേയില്‍നിന്ന് താഴേക്കുള്ള റോഡിലേക്ക് കമല്‍ പ്രവേശിച്ചതോടെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ എണ്‍പതിലേറെ സി.സി.ടി.വി. ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്.
ഒമ്പത് ലക്ഷത്തോളം സബ്‌സ്‌െ്രെകബേസുള്ള പ്രമുഖ യൂട്യൂബറാണ് നിസാമുല്‍ ഖാന്‍. യൂട്യൂബിന് പുറമേ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലും നിരവധി ഫോളോവേഴ്‌സുണ്ട്. ബൈക്കുകളിലെ അഭ്യാസപ്രകടനങ്ങളിലൂടെയാണ് യുവാവ് ശ്രദ്ധനേടിയത്.