X

മുഖ്യമന്ത്രി നിലവാരം കാണിക്കണം: മുസ്‌ലിം ലീഗ്‌

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്‌ലിം ലീഗ്. മുഖ്യമന്ത്രി അല്‍പമെങ്കിലും നിലവാരത്തിന് ഉയരണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പിഎംഎ സലാം പറഞ്ഞു. അന്‍വര്‍ പറഞ്ഞതിന്റെ പേരില്‍ മലപ്പുറത്തെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സ്വര്‍ണക്കടത്ത് പരാമര്‍ശം പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി സത്യാവസ്ഥ തുറന്നു പറയണമെന്നും കേന്ദ്രത്തെ പ്രീണിപ്പിക്കാനാണ് പിണറായിയുടെ നീക്കമെന്നും സലാം പറഞ്ഞു.

മന്ത് മുഖ്യമന്ത്രിയുടെ കാലിലാണ്. ബിജെപിയെ പ്രീതിപ്പെടുത്തുക മാത്രമല്ല കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വീകരിക്കുന്ന നടപടികളാണ് മുഖ്യമന്ത്രിയുടേതെന്നും സലാം പറഞ്ഞു. വോട്ടുനേടാന്‍ മനുഷ്യരെ പരസ്പരം ഭിന്നിപ്പിക്കുന്ന നിലപാടാണ് സിപിഎം സമീപകാലത്തായി സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായാണ് വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം. ജനം അതുമനസിലാക്കിയതുകൊണ്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ദയനീയമായി പരാജയപ്പെട്ടതെന്നും സലാം പറഞ്ഞു.

കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ മലപ്പുറത്ത് എത്ര രാജ്യദ്രോഹക്കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എത്രപേരെ ശിക്ഷിച്ചിട്ടുണ്ട് എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് പറ്റുമോ. ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രി പറയുകയാണ് അഞ്ച് കൊല്ലത്തിനിടെ ഇത്രയെണ്ണം ഉണ്ടായി. ഇത് സംബന്ധിച്ച് ഏന്തെങ്കിലും ഒരു തെളിവ് വെക്കാന്‍ ഉണ്ടോ. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അധികവും സ്വര്‍ണം കടത്തിയത് മറ്റു ജില്ലാക്കാരണ്. അത് മലപ്പുറം ജില്ലയുടെ തലയിലിടുകയാണോ?. ഒരു പ്രദേശത്തയാകെ അപമാനിക്കുന്ന പ്രസ്താവനയുമായി വന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അധികാരം നിലനിര്‍ത്താനായി ചെയ്ത തെറ്റുകളില്‍ നിന്ന് രക്ഷ നേടാന്‍, സ്വന്തം കുടുംബത്തിന്റെ വൃത്തികേടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതുപോലെയുള്ള വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ഒരുപ്രദേശത്തെ ജനത്തെയാകെ അപമാനിക്കുകയാണ്.

ഇത്രത്തോളം വൃത്തികേടിലേക്ക് ഒരുമുഖ്യമന്ത്രി പോകരുത്. മുഖ്യമന്ത്രിയെന്ന് പറയുമ്പോള്‍ സിപിഎമ്മിന്റെ നേതാവ് മാത്രമല്ല. കേരളത്തിന്റെ പ്രതിനിധിയാണ്. ആ നിലവാരത്തിലേക്ക് ഉയരാനുള്ള കഴിവോ ശക്തിയോ അദ്ദേഹത്തിനുണ്ടെന്ന് മുസ്ലീം ലീഗ് കരുതുന്നില്ല. ഒരു തറ നേതാവില്‍ നിന്ന് അല്‍പമെങ്കിലും ഉയരാന്‍ അദ്ദേഹം ശ്രമിക്കണം. അന്‍വര്‍ പറഞ്ഞ കാര്യങ്ങളില്‍ ഇല്ലാത്ത ആരോപണങ്ങള്‍ മുഖ്യമന്ത്രി ഉന്നയിക്കരുത്. അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയട്ടെ. ആ ആരോപണങ്ങളില്‍ എത്രമാത്രം സത്യമുണ്ട്. അതില്‍ സര്‍ക്കാര്‍ നിലപാട് ആണ് പറയേണ്ടതെന്നും സലാം പറഞ്ഞു.

webdesk13: